ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റേയും സ്വീപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജനങ്ങളെ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരിക്കുന്നതിനും വോട്ടിംഗ് മെഷിനുകള്‍ പരിചയപ്പെടുത്തുന്നതിനുമായി ജില്ലയിലെ കോളേജ് ക്യാമ്പസുകളിലൂടെയും കോളനികളിലൂടെയും വോട്ട് വണ്ടി പ്രയാണം ആരംഭിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ.കോളേജില്‍ തെരഞ്ഞെടുപ്പ് വണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ബാക്കിയുള്ളവര്‍ നിര്‍ബന്ധമായും പേര് ചേര്‍ക്കണമെന്ന് കളക്ടര്‍ പറഞ്ഞു. വോട്ടിങ് മെഷീന്‍ എങ്ങിനെ ഉപയോഗിക്കണമെന്നും വിവരിക്കുകയും വിദ്യാർഥികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

തുടര്‍ന്ന് സെല്‍ഫി കോര്‍ണര്‍ ഉദ്ഘാടനവും വിദ്യാർഥികളുടെ ഫ്‌ളാഷ് മോബും നടന്നു. സ്വീപ്പ് ജില്ലാ നോഡല്‍ ഓഫീസര്‍ ടി.ടി.സുരേന്ദ്രന്‍ അദ്ധ്യക്ഷനായി. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.അജേഷ്, ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ് ജില്ലാ കോഡിനേറ്റര്‍ ശ്രീജിത്ത്, മഞ്ചേശ്വരം ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ സജി എന്നിവര്‍ സംസാരിച്ചു.