പരിശീലനം ലഭിച്ചാല്‍ ഏതു തൊഴിലും ചെയ്യാന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്ന് സമൂഹത്തിന് തിരിച്ചറിവുണ്ടാവണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കേരളത്തിലെ ഹോട്ടല്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് വനിതാ കമ്മിഷന്‍ തൊടുപുഴ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.

തൊഴിലുറപ്പ് പദ്ധതി ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തുന്നത് സ്ത്രീകളാണ്. വലിയ മാറ്റങ്ങള്‍ക്ക് തൊഴിലുറപ്പ് പദ്ധതി വഴിയൊരുക്കി. കൃഷിപ്പണികള്‍, കെട്ടിട നിര്‍മാണം തുടങ്ങിയവ ഉള്‍പ്പെടെയുള്ളവ തൊഴിലുറപ്പ് പദ്ധതിയില്‍ സ്ത്രീകള്‍ ഇന്നു ചെയ്യുന്നുണ്ട്. പുതിയ തലമുറയ്ക്ക് വിവിധ തൊഴില്‍ മേഖലകളില്‍ മുന്നേറ്റം കൈവരിക്കുന്നതിന് ആവശ്യമായ പരിശീലനം നല്‍കേണ്ടതുണ്ട്.

നിലവിലുള്ള നിയമങ്ങളുടെ ആനുകൂല്യങ്ങളും പരിരക്ഷയും സ്ത്രീകള്‍ക്ക് പൂര്‍ണമായി ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. തൊഴില്‍ മേഖലയില്‍ പുരുഷനും സ്ത്രീക്കും ലഭിക്കുന്ന കൂലിയില്‍ അന്തരം നിലനില്‍ക്കുന്നുണ്ട്. വിവിധ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് പ്രസവാനുകൂല്യം തൊഴിലുടമകള്‍ ലഭ്യമാക്കുന്നില്ലെന്ന പരാതികള്‍ വനിത കമ്മിഷന് ലഭിക്കുന്നുണ്ട്. അണ്‍ എയ്ഡഡ് മേഖലയില്‍ അധ്യാപകര്‍ ഉള്‍പ്പെടെ വനിതാ ജീവനക്കാര്‍ക്ക് തങ്ങളുടെ ശമ്പളം എത്രയാണെന്ന് കൃത്യമായി പറയാന്‍ സാധിക്കാത്ത വിധം ചൂഷണത്തിന് ഇരകളാകുന്നുണ്ടെന്നും വനിത കമ്മിഷൻ അധ്യക്ഷ പറഞ്ഞു.

പബ്ലിക് ഹിയറിംഗിലൂടെ വിവിധ തൊഴില്‍ മേഖലകളിലെ സ്ത്രീകള്‍ക്ക് തങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ തുറന്നു പറയുന്നതിനുള്ള അവസരമാണ് വനിതാ കമ്മിഷന്‍ ഒരുക്കിയിട്ടുള്ളത്. പ്രശ്നങ്ങള്‍ തുറന്നു പറയാന്‍ സ്ത്രീകള്‍ തയാറായി മുന്നോട്ടു വരണം. പബ്ലിക് ഹിയറിംഗിന്റെ ഭാഗമായി വിവിധ മേഖലകളിലെ സ്ത്രീകളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംബന്ധിച്ച് ബോധവല്‍ക്കരണം നല്‍കുന്നുണ്ടെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഹോട്ടല്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച ഡെ. ലേബര്‍ ഓഫീസര്‍ പി.എം. ഫിറോസ് നയിച്ചു.