ആധുനിക കാല വെല്ലുവിളികളെ നേരിടാൻ വിദ്യാർഥികൾക്ക് കഴിയണമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ബാർട്ടൺ ഹിൽ ഗവ. എൻജിനീയറിംഗ് കോളേജിന്റെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നാലാം വ്യവസായ വിപ്ലവത്തിന്റെ വഴികളിലൂടെ ലോകം മുന്നേറുമ്പോൾ അതിനനുസരിച്ചുള്ള സാധ്യതകളും വെല്ലുവിളികളുമുണ്ടാകും. മികച്ച ജീവിത നിലവാരം സാധ്യമാക്കാൻ നമ്മുടെ വിഞ്ജാനവും യോഗ്യതകളും ഉപയോഗിക്കണം. മികച്ച ഗവേഷണങ്ങളും നൂതനത്വവും നിറഞ്ഞ ആശയങ്ങൾ പ്രാവർത്തികമാക്കണം.
ഇതിനായി സംരഭകത്വമടക്കമുള്ള സാധ്യതകൾ ഉപയോഗിക്കണം. ക്ഷേമ സമൂഹമെന്ന നിലയിൽ ഭിന്നശേഷി, സ്ത്രീ സൗഹൃദ സമൂഹത്തെ സൃഷ്ടിക്കാൻ സാങ്കേതിക വിദ്യയെ ഉപയോഗിക്കണം. ഊർജ പ്രതിസന്ധിയും കാലാവസ്ഥ വ്യതിയാനവുമടക്കമുള്ള പ്രശ്‌നങ്ങളെ നേരിടാൻ നാം പ്രാപ്തമാകണമെന്നും മന്ത്രി പറഞ്ഞു. തുടർന്ന് ചടങ്ങിൽ ബിരുദധാരികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
വി കെ പ്രശാന്ത് എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടെക്‌നിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ എം എസ് രാജശ്രീ സ്വാഗതമാശംസിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിൽപ്പൽ സെക്രട്ടറി ഇഷിത റോയ്,ഡോ. ആർ കൃഷ്ണകുമാർ, ഡോ. ഷാജി പി ആർ , ഡോ. ഷൈനി ജി എന്നിവർ പങ്കെടുത്തു.