നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ അമ്പലവയല്‍ ക്വാറി കുളങ്ങള്‍ ജലസേചന ആവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്നതിന് പ്രാഥമിക പരിശോധന നടത്തി. ഹരിതകേരളം മിഷനും അമ്പലവയല്‍ ഗ്രാമപഞ്ചായത്തും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ചെറുകിട ജലസേചന വകുപ്പും സംയുക്തമായാണ് ഫീല്‍ഡ് ലെവല്‍ പരിശോധന നടത്തിയത്. പരിശോധനയുടെ അടിസ്ഥാനത്തില്‍ ജലസേചന ആവശ്യങ്ങള്‍ക്കും പ്രദേശത്തെ കിണര്‍ റീചാര്‍ജ് ചെയ്ത് കുടിവെള്ള സംരക്ഷണത്തിനുമായുള്ള വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് ജലസേചന വകുപ്പ് തയ്യാറാക്കി പഞ്ചായത്തിന് കൈമാറും. പ്രൊജക്റ്റ് റിപ്പോര്‍ട്ടിന്റെ അവതരണം പഞ്ചായത്ത് തലത്തില്‍ നടത്തും. പദ്ധതിക്കാവശ്യമായ വൈദ്യുതിക്കായി സോളാര്‍ പാനലും സ്ഥാപിക്കും. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹഫ്‌സത്ത്, വൈസ് പ്രസിഡന്റ് കെ ഷെമീര്‍, വാര്‍ഡ് മെമ്പര്‍ ഷീജ ബാബു, നവകേരളം കര്‍മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ സുരേഷ് ബാബു, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.സി മജീദ്, ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ഡി അനിത, അസിസ്റ്റന്റ് എഞ്ചിനീയര്‍ പി. ജ്യോതി, ഓവര്‍സിയര്‍ മഞ്ജു തോമസ്, നവകേരളം കര്‍മ പദ്ധതി റിസോഴ്സ് പേഴ്സണ്‍ അഖിയ മോള്‍, എന്‍.ആര്‍.ഇ.ജി.എ എ.ഇ സുദിന്‍, എന്നിവര്‍ പങ്കെടുത്തു.