റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവഹിച്ചു

പുത്തൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ കല്ലുംകുന്ന് – ഏഴാച്ചിറ റോഡ് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നുള്ള 26 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് പുനരുദ്ധാരണം നടത്തിയത്. പുത്തൂരിലെ എല്ലാ പിഡബ്ല്യുഡി റോഡുകളും ബിഎം ബിസി ആകാൻ പണം ലഭ്യമായി കഴിഞ്ഞുവെന്ന് ഉദ്ഘാടനപ്രഭാഷണത്തിൽ മന്ത്രി കെ. രാജൻ പറഞ്ഞു. നടപടിക്രമങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. പുത്തൂരിനെ ടൂറിസ്റ്റ് ഗ്രാമമാക്കി മാറ്റാനുള്ള ശ്രമത്തിൽ ഏവരും ഭാഗമാകണമെന്നും മന്ത്രിക്കൂട്ടിച്ചേർത്തു.

കല്ലുംകുന്നിൽ നിന്ന് ആരംഭിച്ച് ഏഴാലിച്ചിറ തോടിന്റെ അരികിലൂടെ പുത്തൂർ നമ്പ്യാർ റോഡിന് സമീപം എത്താവുന്ന റോഡാണ് കല്ലുംകുന്ന് – ഏഴാച്ചിറ റോഡ്. നിരവധി വിദ്യാർത്ഥികളും കർഷകരും അടക്കം നൂറുകണക്കിന് ആളുകൾ ദിനംപ്രതി ആശ്രയിക്കുന്ന പ്രാധാന്യമേറിയ പ്രാദേശിക റോഡ് കൂടിയാണിത്.

ചടങ്ങിൽ പുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അശ്വതി സുനീഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ നളിനി വിശ്വംഭരൻ, പി.എസ് സജിത്ത്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.