കേരളത്തെ അതിദരിദ്ര്യർ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. ജില്ലാ പഞ്ചായത്ത് അവണൂർ ഡിവിഷനിലെ അവണൂർ ഗ്രാമപഞ്ചായത്തിന് കീഴിൽ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഗ്രാമപഞ്ചായത്തിൽ അടിസ്ഥാന വികസന സൗകര്യങ്ങൾ തുടങ്ങി മെഡിക്കൽ കോളജ് വരെയുള്ള വിവിധ വികസന പ്രവർത്തനങ്ങൾക്കാണ് സർക്കാർ നേതൃത്വം നൽകുന്നത്. ഗവ. മെഡിക്കൽ കോളജ് ഉൾക്കൊള്ളുന്ന ഗ്രാമപഞ്ചായത്തിൽ റോഡുകളുടെയും ആശുപത്രി അനുബന്ധ വികസനങ്ങൾക്കായി കോടിക്കണക്കിന് രൂപയുടെ വികസനങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. അവണൂർ ഡിവിഷനിൽ ഏഴു കോടി രൂപ ചെലവഴിച്ച് നടത്തിയ വിവിധ വികസന പ്രവർത്തനങ്ങളിൽ ജില്ലാ പഞ്ചായത്തിനെയും ജില്ലാ പഞ്ചായത്ത് അംഗം ലിനി ടീച്ചറെയും മന്ത്രി അഭിനന്ദിച്ചു.
ചൂലിശ്ശേരി ലക്ഷംവീട് പരിസരത്ത് നടന്ന പരിപാടിയിൽ സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ അധ്യക്ഷനായി. അവണൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ആർ അജീഷ റിപ്പോർട്ട് അവതരിപ്പിച്ചു. ചൂലിശേരി ലക്ഷംവീട് കുടിവെള്ള പദ്ധതി, അംബേദ്കർ പാപ്പ നഗർ കോളനി നവീകരണം, ഊരമ്പത്ത് ചിറ, കല്ലൂപാലം നിർമ്മാണ ഒന്നാം ഘട്ടം, നാരായണത്തറ റോഡ് ഒന്നാംഘട്ടം തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു.
ചൂലിശ്ശേരി ലക്ഷംവീട് കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി 17.9 ലക്ഷം രൂപ ചെലവഴിച്ച് 40 കുടുംബങ്ങൾക്കായി 10,000 ലിറ്റർ സംഭരണശേഷിയുള്ള കുടിവെള്ള പദ്ധതി നടപ്പാക്കി. അംബേദ്കർ പാപ്പ നഗർ കോളനി നവീകരണത്തിന്റെ ഭാഗമായി 20 ലക്ഷം രൂപ വിനിയോഗിച്ച് രണ്ട് സ്ട്രെച്ചുകളിലായി കാനയും കൾവെർട്ടും നിർമിച്ചു. കോളനി നവീകരണത്തിലൂടെ മഴക്കാലങ്ങളിൽ ഉണ്ടാകുന്ന വെള്ളക്കെട്ട് പ്രശ്നത്തിന് പരിഹാരം കാണാനാകും. ഊരമ്പത്ത് ചിറ പുനരുദ്ധാരണത്തിലൂടെ കാർഷിക ആവശ്യങ്ങൾക്കും പ്രദേശത്തെ കിണറുകളിലെ ജലലഭ്യതയും ഉറപ്പാക്കി. 15 ലക്ഷം രൂപ ചെലവഴിച്ച് ഭാഗികമായി തകർന്ന ചിറയെ പൂർണമായി പുനരുദ്ധരിച്ചു.
കല്ലൂപാലം നിർമ്മാണത്തിനായി ജില്ലാ പഞ്ചായത്തിന്റെ 15 ലക്ഷവും ഗ്രാമപഞ്ചായത്തിന്റെ 50,000 രൂപയും വകയിരുത്തി പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരിച്ചു. തകർന്നു കിടന്നിരുന്ന താൽക്കാലിക പാലം പൊളിച്ചു മാറ്റി രണ്ട് സ്പാനുകളുള്ള ബോക്സ് കൾവെർട്ട് മാതൃകയിലാണ് നിർമ്മാണം പൂർത്തീകരിച്ചത്. രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കി കൃഷിക്കാവശ്യമായ യന്ത്രങ്ങൾ ഇറക്കുന്ന സാഹചര്യവും ഉറപ്പാക്കും. നാരായണത്തറ റോഡ് ഒന്നാംഘട്ട പുനർനിർമ്മാണം 15 ലക്ഷം രൂപ വിനിയോഗിച്ച് പൂർത്തിയാക്കി. പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ റോഡിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ കൂടി റീടാറിങ് ചെയ്യുന്നതിന് 30 ലക്ഷം രൂപയും അനുവദിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ലിനി ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ, അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി, ജില്ലാ പഞ്ചായത്ത് അംഗം വി എസ് പ്രിൻസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഹരിദാസ്, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ എൻ കെ രാധാകൃഷ്ണൻ, അഞ്ജലി സതീഷ്, തോംസൺ തലക്കോടൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി വി ബിജു, ശ്രീലക്ഷ്മി സനീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കൃഷ്ണകുമാരി, നിമ രാജീവ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി എസ് ഷിബു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.