ലൈഫ് ഭവന പദ്ധതിയില്‍ അതിദരിദ്രര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അതിനാവശ്യമായ ക്രമീകരണം നടത്തുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായ ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പദ്ധതി രൂപീകരണത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ അതിദരിദ്രര്‍ക്ക് പ്രാധാന്യം നല്‍കണം. 66,006 അതിദരിദ്ര കുടുംബങ്ങളെ നേരത്തെ കണ്ടെത്തിയിരുന്നു. ഈ വര്‍ഷം നവംബറില്‍ അതില്‍ 47.8 ശതമാനം പേരെ ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിച്ചു. അവശേഷിക്കുന്നതില്‍ ഭൂരിഭാഗവും വീടില്ലാത്തവരാണ്. എന്നാല്‍ ഏറ്റവും അര്‍ഹരായ 11,000 അതിദരിദ്രര്‍ ഈ പദ്ധതിക്ക് പുറത്തായിരുന്നു. ഇവരെക്കാള്‍ മെച്ചപ്പെട്ടവര്‍ പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തു. ഇത് തദ്ദേശ സ്ഥാപനങ്ങളുടെ വീഴ്ചയാണ്. സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെയാണ് അവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കൂടുതല്‍ അതിദരിദ്രര്‍ക്കുള്ള പ്ലാന്‍ ഫണ്ടും തനത് ഫണ്ടും കുറവുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഭവന നിര്‍മാണത്തിന് സര്‍ക്കാര്‍ ഗ്യാപ്പ് ഫണ്ട് നല്‍കും. രണ്ട് വര്‍ഷം കൊണ്ട് കേരളം അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമായി മാറും.

തദ്ദേശ സ്ഥാപനങ്ങള്‍ സേവനം നല്‍കുന്നതിലേക്ക് മാത്രം ചുരുങ്ങരുത്. സാമൂഹ്യ നേട്ടങ്ങള്‍ മെച്ചപ്പെടുത്താന്‍ സമ്പത്ത് ഉല്‍പ്പാദനവും വരുമാനവും വര്‍ധിപ്പിക്കണം. പ്രാദേശികമായി സംരംഭകത്വം വികസിപ്പിച്ച് തൊഴില്‍ സാധ്യതയുണ്ടാക്കണം. ഈ കാഴ്ചപ്പാടുകള്‍ക്കനുസരിച്ചാകണം പ്രാദേശിക സര്‍ക്കാരുകളുടെ പദ്ധതി രൂപീകരണം.

മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം വേഗത്തില്‍ കൈവരിക്കാനാകണം. തദ്ദേശ സ്ഥാപനങ്ങള്‍ ഇതുവരെ അതില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തി. എന്നാല്‍ ഇപ്പോഴും ധാരാളം കുറവുകളുണ്ട്. ശുചിത്വം ഉറപ്പാക്കാന്‍ കൃത്യമായ സംവിധാനം വേണം, പേരിന് ഉണ്ടായിട്ട് കാര്യമില്ല. എം സി എഫ് സ്ഥാപിക്കുമ്പോള്‍ ശേഖരിക്കുന്ന മാലിന്യം നിക്ഷേപിക്കാന്‍ ഉതകുന്നതാണോ എന്ന് നോക്കണം. ചിലയിടത്ത് മാലിന്യം നിക്ഷേപിക്കാന്‍ സൗകര്യമുണ്ടെങ്കിലും അത് ഉപയോഗിക്കുന്നില്ല. ബോധവല്‍ക്കണം കൊണ്ട് മാത്രം പലര്‍ക്കും ബോധമുണ്ടാകാത്തതിനാല്‍ കനത്ത പിഴയും ജയില്‍ ശിക്ഷ ഉള്‍പ്പെടെയുള്ള നടപടിയും സ്വീകരിക്കും. അതിനായി പഞ്ചായത്ത് രാജില്‍ നിയമ ഭേദഗതി വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. രജിസ്‌ട്രേഷന്‍, പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു. വികസന പ്രവര്‍ത്തനം മെച്ചപ്പെട്ട രീതിയില്‍ നടത്താന്‍ കൂട്ടായ്മയാണ് വേണ്ടതെന്ന് മന്ത്രി പറഞ്ഞു. ഓരോ പ്രദേശത്തിന്റെയും പ്രശ്നം പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കാണ് കൃത്യമായി അറിയാനാകുക. അത് മനസിലാക്കി അര്‍ഹതപ്പെട്ട ഒരാള്‍ക്കും ആനുകൂല്യവും സേവനവും നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.