ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം ലോക്സഭ  തെരഞ്ഞെടുപ്പിന് മുന്നോടിയായി സമ്മതിദായകര്‍ക്ക് ഇ.വി.എം/ വി.വി പാറ്റ് മെഷീന്‍ പരിചയപ്പെടുത്തുന്നതിനും തിരഞ്ഞെടുപ്പില്‍ സമ്മതിദായകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ജില്ലയില്‍ പര്യടനം നടത്തുന്ന വോട്ട് വണ്ടിയുടെ ഫ്‌ളാഗ് ഓഫ് എ.ഡി.എം ടി. മുരളി, സബ്ബ് കളക്ടര്‍ മുഹമ്മദ് ഷെഫീക്ക് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

രണ്ട് വോട്ട് വണ്ടികളാണ് ജില്ലയില്‍ പര്യടനം നടത്തുന്നത്. ആദ്യഘട്ടത്തില്‍ തൃശ്ശൂര്‍, ഗുരുവായൂര്‍ നിയമസഭ മണ്ഡലങ്ങളിലും തുടര്‍ന്ന് ജില്ലയിലെ മറ്റു മണ്ഡലങ്ങളിലുമായി പര്യടനം നടത്തും. ഒരു മാസത്തിലധികം നീണ്ടു നില്‍ക്കുന്ന പര്യടനത്തില്‍ ജില്ലയിലെ 1194 പോളിംഗ് സ്റ്റേഷന്‍ ലൊക്കേഷനുകളിലായി 2319 പോളിംഗ് സ്റ്റേഷനുകളിലും വോട്ട്‌വണ്ടി എത്തും. സമ്മതിദായകര്‍ക്ക് മെഷീന്‍ പരിചയപ്പെടുന്നതിന് ഒരു പരിചയസമ്പന്നരായ ഉദ്യോഗസ്ഥനും സുരക്ഷയ്ക്കായി പോലീസും വോട്ട് വണ്ടിക്കൊപ്പം യാത്ര ചെയ്യുന്നുണ്ട്.

ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് കളക്ട്രേറ്റ് പരിസരത്ത് ‘വാള്‍ ഓഫ് ഡെമോക്രസി’ എന്ന പേരില്‍ ചുമര്‍ചിത്ര രചനാ മത്സരവും നടത്തി. വോട്ടുവണ്ടിയുടെ പര്യടനത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരം, ഫളാഷ് മോബ്, ഡിബേറ്റ് തുടങ്ങിയ വിവിധ പരിപാടികളും നടത്തുന്നുണ്ട്.

ചടങ്ങില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എം.സി ജ്യോതി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍മാരായ എം.സി റെജില്‍, പാര്‍വ്വതി ദേവി, തഹസില്‍ദാര്‍ ടി. ജയശ്രീ, ഹുസൂര്‍ ശിരസ്തദാര്‍ പ്രാണ്‍സിങ്ങ്, ജൂനിയര്‍ സൂപ്രണ്ട് (ഇലക്ഷന്‍) എം. ശ്രീനിവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.