കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം എന്ന ആഹ്വാനവുമായി ജില്ലയില്‍ വോട്ടുവണ്ടി പര്യടനം തുടങ്ങി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെയും സ്വീപ്പിന്റെയും നേതൃത്വത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് വോട്ടുവണ്ടി ജില്ലയില്‍ പര്യടനം നടത്തുക. വോട്ടിങ്ങ് യന്ത്രങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക, പൊതു സമൂഹത്തില്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടതിന്റെ അവബോധം വളര്‍ത്തുക എന്നതാണ് വോട്ടുവണ്ടിയുടെ ലക്ഷ്യം.

കരുത്തുറ്റ ജനാധിപത്യ നിര്‍മ്മിതിയില്‍ വോട്ടവകാശത്തിന്റെ പ്രാധാന്യം തുടങ്ങി വോട്ടിങ്ങ് യന്ത്രങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയവയെല്ലാം വോട്ടുവണ്ടിയിലൂടെ പ്രചരിപ്പിക്കും. പരിശീലനം നേടിയ ജീവനക്കാര്‍ വോട്ടുവണ്ടിയില്‍ വോട്ടര്‍മാര്‍ക്ക് ബോധവ്തകരണം നടത്തും. ജില്ലയിലെ ഗ്രാമാന്തരങ്ങള്‍, ആദിവാസി കോളനികള്‍, കലാലയങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം വോട്ടുവണ്ടി ബോധവത്കരണ പ്രചാരണത്തിന് എത്തും.

ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെയും എല്ലാ പോളിംഗ് സ്റ്റേഷനുകളിലെ പ്രധാന ജംഗ്ഷനുകളില്‍ വോട്ടുവണ്ടി പര്യടനം നടത്തും. കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് വോട്ടുവണ്ടി ഫ്ളാഗ് ഓഫ് ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള 82,83 ബൂത്തുകളിലെ അന്തിമ വോട്ടര്‍പട്ടിക ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ബി.എല്‍.ഒമാര്‍ക്ക് കൈമാറി. ചൊവ്വാഴ്ച മുതല്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് അന്തിമ വോട്ടര്‍പട്ടിക കൈമാറും. എ.ഡി.എം എന്‍.ഐ ഷാജു, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ റെജി പി ജോസഫ്, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ.അജീഷ്, കെ.ഗോപിനാഥ്, കെ ദേവകി, വൈത്തിരി തഹസില്‍ദാര്‍ ആര്‍.എസ്. സജി, വിവധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, ഇലക്ഷന്‍ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.