തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളില്‍ താമസിക്കുന്ന 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടി മോഡല്‍ ഹോം നിര്‍മ്മിക്കാനുള്ള ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യ നീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. വിവിധ പ്രായത്തിലുള്ളവര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, പഠന നിലവാരത്തില്‍ മിടുക്കരായവര്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, കഠിനമായ മാനസികാഘാതം ഉള്ളവര്‍ എന്നിവര്‍ ഒരുമിച്ചാണ് നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളില്‍ താമസിക്കുന്നത്. ഇതിലൂടെയുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും ഓരോ വിഭാഗത്തിനും പ്രത്യേക പരിചരണം ആവശ്യമായതിനാലുമാണ് ഇത്തരത്തിലുള്ള കുട്ടികള്‍ക്ക് വേണ്ടി മാത്രം മോഡല്‍ ഹോം ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കുടുംബാന്തരീക്ഷം നിലനിര്‍ത്തുന്ന തരത്തിലായിരിക്കും മോഡല്‍ ഹോമിന് രൂപം നല്‍കുന്നത്. മോഡല്‍ ഹോം സാക്ഷാത്ക്കരിക്കുന്നതിനായി 11.40 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിന് ഉതകുന്ന തരത്തില്‍ ആയിരിക്കും മോഡല്‍ ഹോമുകള്‍ പ്രവര്‍ത്തിക്കുക. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ള കുട്ടികള്‍ക്ക് വേണ്ടി കോഴിക്കോട് കേന്ദ്രമാക്കി പ്രാഥമികമായി ഒരു മോഡല്‍ ഹോം ആരംഭിക്കുന്നതിനുള്ള ഭരണാനുമതിയാണ് നല്‍കിയിട്ടുള്ളത്.
ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന പെണ്‍കുട്ടികളേയും സ്ത്രീകളേയും പാര്‍പ്പിക്കുന്ന സംരക്ഷണ കേന്ദ്രങ്ങളാണ് നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം. ഗൃഹാന്തരീക്ഷത്തില്‍ അവരുടെ പുന:രധിവാസവും പുന:രേകീകരണവുമാണ് ലക്ഷ്യമിടുന്നത്. കേരളത്തില്‍ ആകെ 12 നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളിലായി 350 ഓളം പേര്‍ താമസിക്കുന്നുണ്ട്. രണ്ട് വര്‍ഷത്തിനകം മികച്ച വിദ്യാഭ്യാസവും ചികിത്സയും നല്‍കി സ്വയം പര്യാപ്തരാക്കി ഇവരെ വീടുകളിലെത്തിക്കുകയാണ് ലക്ഷ്യം. എന്നാല്‍ വീടുകള്‍ തന്നെ സുരക്ഷിതമല്ലാതെ വരുന്നതിനാലും കേസിന്റെ വിധിയുടെ കാലതാമസവും കാരണം ഇവരുടെ മടങ്ങിപ്പോക്ക് വൈകുന്നു. അതിനാലാണ് ഇവിടെ താമസിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത്. മികച്ച വിദ്യാഭ്യാസം നല്‍കി അവരെ സ്വന്തം കാലില്‍ നിര്‍ത്താനുള്ള എല്ലാ സാഹചര്യവും ഇത്തരം ഹോമില്‍ ഒരുക്കുന്നുണ്ട്. പ്രൊഫഷണല്‍ വിദ്യാഭ്യാസം നടത്തുന്നവരും ജോലിക്ക് പോകുന്നവരും വരെയുണ്ട്.