കഥകളുടെ സുൽത്താന്റെ ഓർമ്മയിൽ ജില്ലയിലെ സാഹിത്യപ്രേമികൾ വീണ്ടും ഒത്തുകൂടി. വിശ്വവിഖ്യാത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമകൾ പങ്കുവയ്ക്കാൻ ”നമ്മൾ ബേപ്പൂർ ‘ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. ബഷീറിന്റെ ജന്മദിനത്തിൽ ഫറോക്ക് ദീപാലംകൃത പാലത്തിന് സമീപത്തെ ‘നമ്മൾ പാർക്കി’ലായിരുന്നു ഒത്തുച്ചേരൽ.

ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ്, സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ, നമ്മൾ ബേപ്പൂർ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ബഷീറിൻ്റെ സാഹിത്യകൃതികളിലെ വിഖ്യാത കഥാപാത്രങ്ങളെ വിദ്യാർഥികൾ അവതരിപ്പിച്ചത് എല്ലാവർക്കും നവ്യാനുഭവമായി. ബഷീറിൻ്റെ ആദ്യ നോവലായ പ്രേമലേഖനത്തിലെ സാറാമ്മ, പാത്തുമ്മയുടെ ആട് എന്ന നോവലിലെ പാത്തുമ്മയും ഹനീഫയും ബാല്യകാലസഖിയിലെ സുഹറയും മജീദും തുടങ്ങി ഒട്ടനവധി കഥാപാത്രങ്ങൾ അരങ്ങിലെത്തി. ഇവർക്കൊപ്പം ചാരുകസേരയിലെ ബഷീറിൻ്റെ സാന്നിധ്യവും ശ്രദ്ധ നേടി. കുട്ടികൾക്ക് മന്ത്രി പി എ മുഹമ്മദ് റിയാസും വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ്‌ ബഷീറും ചേർന്ന് പുസ്തകങ്ങൾ സമ്മാനിച്ചു. രാമനാട്ടുകര ഗവ.യു പി സ്കൂളിലെ വിദ്യാർത്ഥികളാണ് വിശ്വവിഖ്യാതനായ സാഹിത്യകാരനായ ബഷീറിൻ്റെ വിവിധ നോവലുകളിലേയും കഥകളിലേയും കഥാപാത്രങ്ങളായി അരങ്ങിലെത്തിയത്.

മലബാർ ഗോൾഡ് ചെയർമാൻ എം പി അഹമ്മദ്, നമ്മൾ ബേപ്പൂർ പ്രതിനിധികളായ ടി രാധാഗോപി, കെ ആർ പ്രമോദ്, വാരിസ് കളത്തിങ്ങൽ, ഡോ. അനീസ് അറക്കൽ എന്നിവരും പങ്കെടുത്തു.