സംസ്ഥാന  കായിക വകുപ്പ് ജനുവരി 23 മുതൽ 26 വരെ തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റിൻ്റെ പ്രചരണാർത്ഥം കേരളം നടക്കുന്നു എന്ന പേരിൽ കെ വാക്ക് സംഘടിപ്പിച്ചു. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് മാനാഞ്ചിറയിൽ  കെ വാക്ക് ഫ്ലാഗ് ഓഫ് ചെയ്തു. 700 ലധികം  കായിക താരങ്ങൾ നടത്തത്തിൽ പങ്കാളിയായി.

കായികരംഗത്തെ സമ്പദ്ഘടനയിലെ  സജീവ സാന്നിധ്യമാക്കി മാറ്റി കേരളത്തെ ഒരു സ്പോർട്സ് സൂപ്പർ പവർ ആക്കി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്റർനാഷണൽ സ്പോർട്ട്സ് സമ്മിറ്റ് ഓഫ് കേരള സംഘടിപ്പിക്കുന്നത്. ലോകത്തിലെ മികച്ച കായിക താരങ്ങളുടെയും, സ്പോർട്സിലെ സാങ്കേതിക മാനേജ്മെന്റ് വിദഗ്ധരുടെയും ഏറ്റവും വലിയ ഒത്തുചേരലാണ് ഉദ്ദേശിക്കുന്നത്. ക്രിയാത്മകമായ ചർച്ചകളുടെയും പങ്കുവെക്കലുകളുടെയും ബിസിനസ് ധാരണകളുടെയും പങ്കാളിത്ത തീരുമാനങ്ങളുടെയും നൂതന കായിക ആശയങ്ങളുടെയും വേദിയായി ഉച്ചകോടി മാറുമെന്നാണ് പ്രതീക്ഷ.

അക്കാദമിക സെഷനുകൾ, ബിസിനസ് കോൺക്ലേവ്, സ്പോർട്സ് എക്സിബിഷൻ, ഡെമോൺസ്ട്രേഷനുകൾ, തീം പ്രസന്റേഷനുകൾ, വൺ ടു വൺ മീറ്റുകൾ, ഇൻവെസ്റ്റർ പിച്ച്, സ്റ്റാർട്ടപ്പ് അവതരണങ്ങൾ, പുതിയ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ലോഞ്ച് പാട്, എന്നിങ്ങനെ നിരവധി ഘടകങ്ങൾ ഉച്ചകോടിയിൽ ഉണ്ടാകും.

കെ വാക്കിൽ  ജില്ലാ സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേമനാഥ് , വൈസ് പ്രസിഡൻ്റ് റോയി വി ജോൺ, ജില്ലാ സ്പോർട്സ് കൗൺസിൽ  എക്സിക്യൂട്ടീവ് അംഗങ്ങളായ ടി എം അബ്ദുറഹിമാൻ, ഇ കോയ, സി പ്രേമചന്ദ്രൻ, കായിക അസോസിയേഷൻ ഭാരവാഹികൾ, കായിക താരങ്ങൾ തുടങ്ങിയവർ പങ്കെടുത്തു