സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിന് മുൻകൈയെടുക്കുന്ന പ്രാദേശിക സർക്കാരുകളായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാവി പ്രവർത്തനങ്ങൾ അറിയാൻ അവസരം ഒരുക്കുകയാണ് സർക്കാർ എന്ന് ധനകാര്യ വകുപ്പ് മന്ത്രി ബാലഗോപാൽ. ഈ ലക്ഷ്യം മുൻനിർത്തിയാണ് സംസ്ഥാനതലതദ്ദേശ ദിനാഘോഷം കൊട്ടാരക്കരയിൽ നടത്തുന്നത്. പരിപാടിയുടെ ഭാഗമായ സ്വാഗതസംഘം ഓഫീസ് കൊട്ടാരക്കര മുനിസിപ്പൽ ഓഫീസിനു മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അധികാര വികേന്ദ്രീകരണം എങ്ങനെ നടപ്പിലാകുന്നു എന്ന് ജനത്തിന് അടുത്തറിയാൻ അവസരം ഒരുക്കും. ആഘോഷങ്ങളുടെ ഭാഗമായ പ്രദർശനങ്ങളിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തന ചരിത്രം കൂടിയാണ് വെളിവാകുക.

സെമിനാറുകൾ വഴിയും താഴെത്തട്ടിലുള്ള വികസനത്തിന്റെ പ്രാധാന്യം തിരിച്ചറിയാനാകും. കേരളത്തിലെ തദ്ദേശസ്ഥാപന ഭാരവാഹികൾ ഒന്നാകെ പരിപാടിയിൽ പങ്കെടുക്കും. അടുത്ത രണ്ടുവർഷത്തേക്കുള്ള പരിപാടികൾക്ക് രൂപരേഖ തയ്യാറാക്കുന്നതിനും ഇവിടെ അവസരം ഒരുക്കുകയാണ്.

സ്റ്റീഫൻ ദേവസി ഉൾപ്പെടെ പ്രശസ്ത കലാകാരന്മാരുടെ കലാപരിപാടികളും ഒരുക്കുന്നുണ്ട്. കൊട്ടാരക്കര മാർത്തോമ ജൂബിലി മന്ദിരമായിരിക്കും പ്രധാനവേദി എന്നും മന്ത്രി വ്യക്തമാക്കി. സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനത്തിന് ശേഷം കൊട്ടാരക്കര താലൂക്ക് ഓഫീസ് മന്ദിരത്തിൽ ചേർന്ന യോഗത്തിൽ പരിപാടിയുടെ സംഘാടന പുരോഗതിയും അദ്ദേഹം വിലയിരുത്തി.