അഞ്ച് മുതല്‍ ഏഴുവരെയും 15 മുതല്‍ 17 വരെയും വയസ്സിനിടയില്‍ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും ആധാറില്‍ നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേഷന്‍ നടത്താന്‍ അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെ സ്‌കൂളുകളില്‍ യൂണിഫോം (യൂണിക് നെറ്റ്വര്‍ക്ക് ഫോര്‍ മാന്‍ഡേറ്ററി ആധാര്‍ അപ്‌ഡേറ്റ)്
എന്ന പേരില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു.

പദ്ധതിയുടെ ജില്ലാ തല യോഗം ജില്ലാ കലക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ബയോമെട്രിക് അപ്‌ഡേഷനായി അക്ഷയ കേന്ദ്രങ്ങളില്‍ പോകുന്നത് വഴി വിദ്യാര്‍ത്ഥികള്‍ക്ക് പലപ്പോഴും പഠനം നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. ഇത് പരിഹരിക്കാനാണ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം ഒരു പദ്ധതി ആവിഷ്‌കരിക്കുന്നത്. ഫെബ്രുവരി 15 മുമ്പ് കുട്ടികള്‍ക്ക് ആധാറില്‍ നിര്‍ബന്ധിത ബയോമെട്രിക് അപ്ഡേഷന്‍ നടത്താനാണ് ലക്ഷ്യമിടുന്നത്.

യോഗത്തില്‍ എഡിഎം എന്‍.ഐ ഷാജു, സബ് കലക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, ഡെപ്യൂട്ടി കലക്ടര്‍ കെ അജീഷ്, എച്ച് എച്ച് എസ് ജില്ലാ കോര്‍ഡിനേറ്റര്‍ ഷിവി കൃഷ്ണന്‍, ബിഷേഷ് ബി.സി, റ്റിഡിഒ മാരായ ഇ.ഇസ്മായേല്‍, കെ.ജി മനോജ്, ഐ.റ്റി.ഡി.പി അസി. പ്രോജക് ഓഫീസര്‍ റെജി എന്‍.ജെ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, ഐടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ എസ്. നിവേദ് എന്നിവര്‍ പങ്കെടുത്തു. രക്ഷിതാക്കള്‍ക്ക് ക്യാമ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി അധ്യാപകരുമായി ബന്ധപ്പെടാവുന്നതാണ്.