ദാരിദ്ര്യ നിർമാർജനത്തിനായി ഓരോ പൗരനും മുൻകൈയെടുക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ആശ്രാമം മൈതാനത്ത് ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിന പരേഡിന് അഭിവാദ്യം ചെയ്ത് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ദരിദ്രരും ഭൂരഹിതരും ഇല്ലാത്ത രാജ്യസൃഷ്ടിയാണ് ലക്ഷ്യമാക്കേണ്ടത്. ഐക്യം നിലനിർത്തുന്നതിൽ വിജയിച്ച രാജ്യമാണ് നമ്മുടേത്. വൈവിധ്യം നിലനിൽക്കുമ്പോൾ തന്നെ മതേതരത്വം കാത്തുസൂക്ഷിക്കാൻ കഴിയുന്നു. ഭരണഘടനയുടെ കരുത്തിലാണ് ഉന്നത ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ സാധിക്കുന്നത്. ജാതി ചിന്തകൾക്ക് കീഴ്പ്പെടാൻ അനുവദിക്കാതെ സ്ത്രീകളേയും പിന്നാക്കവിഭാഗങ്ങളെയും മുൻനിരയിലേക്ക് കൊണ്ടുവരാൻ ആത്മാർത്ഥമായി പരിശ്രമിക്കണം എന്നും അദ്ദേഹം ഓർമിപ്പിച്ചു.

എം നൗഷാദ് എംഎൽഎ, മേയർ പ്രസന്ന ഏണസ്റ്റ്, ജില്ല കലക്ടർ എൻ ദേവീദാസ്, സിറ്റി പോലീസ് കമ്മീഷണർ വിവേക് കുമാർ, റൂറൽ എസ്പി സാബു മാത്യു, സബ് കലക്ടർ മുകുന്ദ് ഠാക്കൂർ, എ ഡി എം ആർ ബീനാറാണി, ഡെപ്യൂട്ടി മേയർ കൊല്ലം മധു, ഡെപ്യൂട്ടി കലക്ടർ എഫ് റോയ് കുമാർ, ജനപ്രതിനിധികൾ, ഗാന്ധിയൻമാർ, സ്വാതന്ത്ര്യ സമര സേനാനികൾ, രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

പോലീസ്, എക്സൈസ്,അഗ്നി സുരക്ഷ, വനം തുടങ്ങി വിവിധ സേന വിഭാഗങ്ങൾ, സ്കൂളുകളുടെ ബാൻഡ് ട്രൂപ്പുകൾ, എസ് പി സി, എൻ സി സി, റെഡ് ക്രോസ് തുടങ്ങിയവ പരേഡിൽ അണിനിരന്നു. ദേശഭക്തിഗാനാലാപനവും ഡിസ്പ്ലേയും അനുബന്ധമായി നടത്തി.