റിപ്പബ്ലിക് ദിനാഘോഷം

ഭരണഘടനയെ മൂല്യങ്ങള്‍ സംരക്ഷിച്ചും മുറുകെ പിടിച്ചും മുന്നോട്ടു പോകണമെന്ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ, ദേവസ്വം, പാര്‍ലമെന്ററി വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. തേക്കിന്‍ക്കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വ്യത്യസ്ത ജാതി, മത, ഭാഷ, ആചാര, അനുഷ്ഠാനങ്ങളെ ഉള്‍ക്കൊണ്ട് രാജ്യത്തിന്റെ ബഹുസ്വരത നിലനിര്‍ത്തി ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നാണ് ഓരോ റിപ്പബ്ലിക് ദിനവും ഓര്‍മപ്പെടുത്തുന്നത്. സ്വാതന്ത്ര്യം ലഭിച്ചതിനുപരി രാജ്യത്ത് ദാരിദ്യത്തെ ഇല്ലാതാക്കിയാലേ തുല്യത സാധ്യമാവൂ. ഒരാള്‍ പോലും പട്ടിണി കിടക്കാത്ത രാജ്യം യാഥാര്‍ഥ്യമാക്കണം. കൂടാതെ രാജ്യം കൈവരിക്കുന്ന പുരോഗതിയുടെ നേട്ടം സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലേക്ക് എത്തുന്നുണ്ടോയെന്ന് നാം സ്വയം വിമര്‍ശനം നടത്തണം. ജനാധിപത്യനീതിയും തുല്യതയും എല്ലാവര്‍ക്കും ലഭ്യമാക്കണം. എല്ലാതരം വിശ്വാസങ്ങളെയും കാത്തുസൂക്ഷിക്കണം. വൈവിധ്യങ്ങളുടെ പേരില്‍ ആരും വേട്ടയാടപ്പെടരുത്. ഇത്തരം പ്രവര്‍ത്തനങ്ങളാണ് യുവതലമുറ ഉള്‍പ്പെടെ ഏറ്റെടുത്ത് നടപ്പാക്കേണ്ടതെന്നും മന്ത്രി റിപ്പബ്ലിക്ദിന സന്ദേശത്തില്‍ വ്യക്തമാക്കി.

രാവിലെ ഒമ്പതിന് ഔദ്യോഗികപരിപാടിക്ക് തുടക്കമായി. സ്റ്റേഡിയത്തിലെത്തിയ മന്ത്രിയെ ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ സ്വീകരിച്ചു. പോലീസ്, എക്സൈസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ഫോറസ്റ്റ്, എസ്.പി.സി, എന്‍.സി.സി, ടീം കേരള, ടീം കേരള യൂത്ത് ഫോഴ്‌സ് ഉള്‍പ്പെടെ 20 പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. സെന്റ് ആന്‍സ് കോണ്‍വെന്റ്, സെന്റ് ജോസഫ് കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ബാന്‍ഡ് പ്ലറ്റൂണ്‍ പരേഡിന് മികവേകി.

വനിതാ സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ പി.വി സിന്ധു പരേഡ് നയിച്ചു. ഡി.എച്ച്.ക്യു ക്യാമ്പിലെ സബ് ഇന്‍സ്‌പെക്ടര്‍ പി.വി ശിവശങ്കരനായിരുന്നു സെക്കന്റ് ഇന്‍ കമാന്റ്. വിവിധ സ്‌കൂളുകളിലെ സംഗീത അധ്യാപകര്‍ ദേശഭക്തിഗാനവും കളക്ടറേറ്റിലെയും തൃശൂർ തഹസില്‍ദാര്‍ ഓഫീസിലെയും ജീവനക്കാര്‍ നൃത്തവും അവതരിപ്പിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച പ്ലറ്റൂണുകള്‍ക്ക് മന്ത്രി മൊമെന്റോ സമ്മാനിച്ചു. തുടര്‍ന്ന് ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു. കോവിഡ് പ്രോട്ടോക്കോളും ഹരിതച്ചട്ടവും പാലിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

മേയര്‍ എം.കെ വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ്, സിറ്റി ജില്ലാ പൊലീസ് മേധാവി അങ്കിത് അശോകന്‍, റൂറല്‍ ജില്ലാ പൊലീസ് മേധാവി നവനീത് ശര്‍മ്മ, സബ് കലക്ടര്‍ മുഹമ്മദ് ഷെഫീക്ക്, അസിസ്റ്റന്റ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി, മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

മികച്ച പ്ലറ്റൂണുകള്‍

സര്‍വീസ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം സബ് ഇന്‍സ്‌പെക്ടര്‍ വിജിത്ത് കെ വിജയന്‍ നയിച്ച തൃശൂര്‍ സിറ്റി ലോക്കല്‍ പോലീസ് പ്ലറ്റൂണിന് ലഭിച്ചു. റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ കെ പി ബെന്നി നയിച്ച ഡി എച്ച് ക്യൂ ക്യാമ്പ് പ്ലട്ടൂണ്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

സീനിയര്‍ എന്‍ സി സി ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം സി എം മുഹമ്മദ് ഷാഫി നയിച്ച പഴഞ്ഞി എം ഡി കോളജിന്റെ 24-ാം കേരള ബറ്റാലിയന്‍ എന്‍സിസി സീനിയര്‍ ബോയ്‌സ് പ്ലറ്റൂണും രണ്ടാം സ്ഥാനം കമ്പനി സീനിയര്‍ അണ്ടര്‍ ഓഫീസര്‍ എം ബി അര്‍ജുന്‍ നയിച്ച ശ്രീ കേരളവര്‍മ കോളജിന്റെ 24-ാം കേരള ബറ്റാലിയന്‍ എന്‍ സി സി സീനിയര്‍ ബോയ്‌സ് പ്ലറ്റൂണും കരസ്ഥമാക്കി.

എന്‍സിസി സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സീനിയര്‍ അണ്ടര്‍ ഓഫീസര്‍ വിസ്മയ ടി ബിജു നയിച്ച കേരളവര്‍മ കോളജിന്റെ ഏഴാം കേരള ബറ്റാലിയന്‍ എന്‍സിസി സീനിയര്‍ ഗേള്‍സ് പ്ലറ്റൂണും സീനിയര്‍ അണ്ടര്‍ ഓഫീസര്‍ സന്ധ്യ സനീഷ് നയിച്ച സെന്റ് മേരീസ് കോളജ് ഏഴാം കേരള ബറ്റാലിയന്‍ എന്‍ സി സി സീനിയര്‍ ഗേള്‍സ് പ്ലറ്റൂണും യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി.

എസ് പി സി ആണ്‍കുട്ടികളുടെ വിഭാഗം- ഒന്നാം സ്ഥാനം പി എസ് മുഹമ്മദ് ഹാഫിസ് നയിച്ച പനങ്ങാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ് പി സി ബോയ്‌സ് പ്ലറ്റൂണും രണ്ടാം സ്ഥാനം സി കെ കാര്‍ത്തിക് കൃഷ്ണ നയിച്ച തൃശൂര്‍ സി എം എസ് എച്ച്എസ്എസിന്റെ സിറ്റി ബോയ്‌സ് പ്ലറ്റൂണിനും ലഭിച്ചു. എസ് പി സി പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം എം ജി നിവേദ്യ നയിച്ച ചേര്‍പ്പ് സി എന്‍ എന്‍ ജി എച്ച് എസ് എസിന്റെ എസ് പി സി റൂറല്‍ ഗേള്‍സ് പ്ലറ്റൂണും രണ്ടാം സ്ഥാനം ഇ വി ആശ നയിച്ച വടക്കാഞ്ചേരി ഗവ. ജി എച്ച് എസ് എസിന്റെ എസ്പിസി സിറ്റി ഗേള്‍സ് പ്ലറ്റൂണും അര്‍ഹരായി.