ഭരണഘടനയാണ് ഇന്ത്യയുടെ പ്രാണന്‍. ആ പ്രാണനെയാണ് 1950 ജനുവരി 26-ന് ഇന്ത്യയില്‍ പ്രതിഷ്ഠിച്ചതെന്നും അതിനേക്കാള്‍ വലിയൊരു പ്രതിഷ്ഠ ഇനി നടക്കാനില്ലെന്നും കാര്‍ഷിക വികസന കര്‍ഷകക്ഷേമ മന്ത്രി പി.പ്രസാദ്. ഭരണഘടനയ്ക്ക് അപ്പുറത്തുള്ള ഒന്നിനെയും നമുക്കാര്‍ക്കും എങ്ങും പ്രതിഷ്ഠിക്കാന്‍ കഴിയില്ല. ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍  75-ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികയില്‍ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നാം ഏവരെയും ഒന്നിപ്പിച്ച് നിര്‍ത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഭരണഘടന. ഭരണഘടനയുടെ ആമുഖം അതുതന്നെയാണ് വ്യക്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

‘നമ്മള്‍’ എന്ന വാക്കിലാണ് ഭരണഘടന തുടങ്ങുന്നത്. ഏവരെയും ചേര്‍ത്തും കോര്‍ത്തും നിര്‍ത്തുന്ന ആ വാക്കുതന്നെ നാടിനോടും ജനതയോടുമുള്ള എല്ലാതരം സ്‌നേഹവും പ്രകടിപ്പിക്കുന്നുണ്ട്. വ്യക്തിയുടെ അന്തസ്സിനെയും രാജ്യത്തിന്റെ ഐക്യത്തെയും ചേര്‍ത്തുകൊണ്ടുള്ള സാഹോദര്യമാണ് ഭരണഘടന ഉറപ്പുനല്‍കുന്നത്. സാഹോദര്യം കേവലം ഒരു വാക്കല്ല. ഓരോ വ്യക്തിയ്ക്കും അന്തസ്സാര്‍ന്ന ഇടം ഉറപ്പുകൊടുക്കുന്നതാണ് ഭരണഘടന. ഭരണഘടനയുടെ ആമുഖത്തില്‍ ഈ വാക്കുകള്‍ ചേര്‍ത്തുവെക്കാന്‍ കോണ്‍സ്റ്റിറ്റിയുവെന്റ് അസംബ്ലിയില്‍ പങ്കാളികളായ ഭരണഘടനാശില്പികള്‍ക്കായി. ഡോ. ബി.ആര്‍. അംബേദ്കര്‍ മുതല്‍ ദാക്ഷായണി വേലായുധന്‍ വരെയുള്ളവരെ നാം ഓര്‍മിക്കേണ്ടതുണ്ട്.

രാജ്യം കേവലം വികാരമായി മാത്രമല്ല, ജനതയോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന വൈകാരികത കൂടിയാണ്. അങ്ങനെയുള്ളപ്പോള്‍ മാത്രമാണ് ഇന്ത്യ തലയുയര്‍ത്തി നില്‍ക്കുക. പോരാട്ടത്തിന്റെയും ചരിത്രത്തിന്റെയും വഴികള്‍ നാം വിസ്മരിച്ചുകൂടായെന്നും മന്ത്രി പറഞ്ഞു. സമരങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കാനും റിപ്പബ്ലിക്കിനെ കാത്തുസൂക്ഷിക്കാനും ജനതയുടെ അന്തസ്സിനെയും ഐക്യത്തെയും ചേര്‍ത്തുവെക്കാനും നമുക്കാകണം. അതിനുള്ള ഉറപ്പുതരുന്നത് ഭരണഘടനയാണ്.- മന്ത്രി പറഞ്ഞു.വേദിയിലെത്തിയ മുഖ്യാതിഥിയായ മന്ത്രിയെ ജില്ല കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ജില്ല പോലിസ് മേധാവി ചൈത്ര തെരേസ ജോണ്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് പതാക ഉയര്‍ത്തിയ ശേഷം മന്ത്രി പരേഡ് പരിശോധിച്ചു.

മുതിര്‍ന്ന സ്വാതന്ത്ര്യസമര സേനാനി കെ. എ. ബേക്കര്‍, ജനപ്രതിനിധികളായ എ.എം. ആരിഫ് എം.പി., പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ., നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, സബ് കളക്ടര്‍ സമീര്‍ കിഷന്‍, മുന്‍ എം.എല്‍.എ. എ.എ. ഷുക്കൂര്‍, നഗരസഭ വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ എ.എസ്. കവിത, എം.ആര്‍. പ്രേം, നഗരസഭ കൗണ്‍സിലര്‍മാര്‍, എ.ഡി.എം. എസ്. സന്തോഷ്‌കുമാര്‍, മറ്റു ഉദ്യോഗസ്ഥര്‍, രാഷട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരും ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.

പോലീസ്, എക്സൈസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്‌കൗട്ട്, ഗൈഡ്, റെഡ് ക്രോസ്, കബ്സ്, ബുള്‍ബുള്‍ എന്നിവരുടെയുള്‍പ്പെടെ 12 കണ്ടിജെന്റുകളും നാല് ബാന്‍ഡുകളുമാണ് പരേഡില്‍ അണിനിരന്നത്. വിവിധ വിഭാഗങ്ങളിലെ ജേതാക്കള്‍ക്കുള്ള സമ്മാന ദാനവും മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു. പൂച്ചാക്കല്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം. അജയ് മോഹനായിരുന്നു പരേഡ് കമാന്‍ഡര്‍.