സമാപന സമ്മേളനം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു

ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അവകാശം എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ മേഖലയിൽ മികച്ച ഇടപെടലാണ് സർക്കാർ നടത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിന്റെ 150-ാം വാർഷിക സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ന് പല ഗവ. സ്കൂളുകളും അന്തർദേശീയ നിലവാരമുള്ള കെട്ടിട സൗകര്യങ്ങളോടുകൂടിയും അക്കാദമിക ഗുണനിലവാരം വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് എല്ലാവിധത്തിലുമുള്ള പശ്ചാത്തല സൗകര്യം ഒരുക്കിക്കൊടുക്കാൻ സമൂഹത്തിന് ബാധ്യതയുണ്ട്. പൊതുമേഖലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക എന്നത് ഓരോരുത്തരുടെയും പ്രധാനപ്പെട്ട സാമൂഹിക ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾക്ക് പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ തിളക്കമാർന്ന നിലയിൽ പങ്കെടുക്കാവുന്ന പരിശീലനവും പിൻബലവും നൽകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പൂർവ വിദ്യാർത്ഥിയും സിനിമാതാരവുമായ ഡെയിൻ ഡേവിസ് വിശിഷ്ടാതിഥിയായി. ഗുരുവന്ദനവും പൂർവ വിദ്യാർത്ഥി സംഗമവും സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജാ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം.കെ മുരളി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ജോബി, ആരോഗ്യ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, വാർഡ് കൗൺസിലർ സോണിയ ഗിരി, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ആർ. രാജലക്ഷ്മി, പ്രധാന അധ്യാപിക ടി.കെ ലത, പി ടി എ പ്രസിഡന്റ് വി.ആർ ബിനോയ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.