ജില്ലയിലെ വിവിധ പദ്ധതികളുടേയും നിര്‍മ്മാണ പ്രവൃത്തികളുടേയും നടത്തിപ്പും പുരോഗതിയും വിലയിരുത്തി ജില്ലാ വികസന സമിതി യോഗം.

സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി 100 ശതമാനം പൂര്‍ത്തിയാക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തേടെ സ്‌കൂളുകളില്‍ നടത്തുന്ന യൂണിഫോം ആധാര്‍ പദ്ധതിയില്‍ എല്ലാവരും പങ്കാളികളാകണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ബത്തേരി ചുങ്കം ജഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കാന്‍ ജംഗ്ഷനോട് ചേര്‍ന്ന് കിടക്കുന്ന സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ മുന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

പടിഞ്ഞാറത്തറ – പൂഴിത്തോട് റോഡിനായി വിവിധ വകുപ്പുകള്‍ ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയുടെ റിപ്പോര്‍ട്ട് ചീഫ് എന്‍ജിനീയര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് നിരത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 27.725 കിലോമീറ്റര്‍ ദൂരമുള്ള ഈ പാതയില്‍ ഏകദേശം പത്ത് കിലോമീറ്റര്‍ ദൂരം വനത്തിലൂടെയായാണ്. ഏകദേശം 250 കോടി രൂപ നിര്‍മ്മാണച്ചെലവ് കണക്കാക്കുന്ന ഈ പാതക്കായി 2024 ബഡ്ജറ്റില്‍ 20% ബജറ്റ് പ്രൊവിഷനെങ്കിലും വന്നാലേ പ്രവൃത്തിയുമായി മുന്നോട്ടു പോകാന്‍ സാധിക്കുകയുള്ളൂ എന്ന് പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

വന്യജീവികളുടെ പ്രവേശനം തടയാന്‍ വയനാട് വന്യജീവി സങ്കേതത്തിനും ഇതിനോട് ചേര്‍ന്നുള്ള ജനവാസ കേന്ദ്രങ്ങള്‍ക്കുമിടയില്‍ പ്രതിരോധ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും വനം-വന്യജീവി സംരക്ഷണ നിയമത്തില്‍ കാലാനുസൃതമായ ഭേദഗതി വരുത്തുന്ന കാര്യം അടിയന്തരമായി ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും രാഹുല്‍ ഗാന്ധി എംപിയുടെ പ്രതിനിധി കെ.എല്‍ പൗലോസ് പറഞ്ഞു.

മുന്‍ ഡിഡിസി യോഗ നിര്‍ദ്ദേശപ്രകാരം വന്യജീവി ആക്രമണം ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ കൈക്കൊള്ളേണ്ട എസ് ഒ പി ജനപ്രതിനിധികള്‍ക്ക് വിശദീകരിച്ച് നല്‍കുന്നതാണെന്ന് നോര്‍ത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. തേനീച്ച വന്യജീവി ഗണത്തില്‍പ്പെടുന്നവ അല്ലെങ്കിലും ആക്രമണം ഉണ്ടാകുന്ന സമയങ്ങളില്‍ സാധ്യമായ സഹായങ്ങള്‍ ഫയര്‍ഫോഴ്‌സ് ലഭ്യമാക്കും.ജില്ലയില്‍ സെന്‍ട്രല്‍ റോഡ് ഫണ്ട് പ്രവൃത്തികള്‍ നടക്കുന്നതിനിടയിലെ ജലജീവന്‍ മിഷന്‍ പൈപ്പിടല്‍ പ്രവര്‍ത്തിയുടെ റീസ്റ്റോറേഷനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിച്ചെന്ന് കേരള വാട്ടര്‍ അതോറിറ്റി പ്രോജക്ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കാക്കവയല്‍ – വാഴവറ്റ റോഡ് പുനരുദ്ധാരണ പ്രവൃത്തികള്‍ ആരംഭിച്ചതായും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വൈത്തിരി താലൂക്ക് ആശുപത്രിയില്‍ രണ്ട് അഡ് ഹോക് ഡോക്ടര്‍മാരെയും എന്‍എച്ച്എം മുഖേന ഒരു ഡോക്ടറെയും നിയമിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ.രേണുരാജ് അധ്യക്ഷത വഹിച്ചു. എ.ഡി.എം എന്‍.ഐ ഷാജു, സബ് കലക്ടര്‍ മിസല്‍ സാഗര്‍ ഭരത്, അഡീഷണല്‍ എസ്പി വിനോദ് പിള്ള, ജില്ലാ പ്ലാനിങ് ഓഫീസര്‍ ആര്‍. മണിലാല്‍, എം.പി പ്രതിനിധി കെ.എല്‍ പൗലോസ്, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.