ഈ വര്‍ഷത്തെ ഹജ്ജ് യാത്രയ്ക്ക് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം എംബാര്‍ക്കേഷന്‍ പോയിന്റായി തെരഞ്ഞെടുത്ത തീര്‍ഥാടകരില്‍ നിന്നും യാത്രാ ചാര്‍ജായി ഇരട്ടിയിലധികം തുക ഈടാക്കാനുള്ള വിമാന കമ്പനികളുടെ തീരുമാനം പിന്‍വലിക്കുന്നതിനായി കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് മലപ്പുറം ജില്ലാ വികസന സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സംസ്ഥാനത്തു നിന്നും ഹജ്ജിനു പോകുന്നവരില്‍ 70 ശതമാനം പേരും കരിപ്പൂര്‍ വിമാനത്തവാളത്തെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇവിടെ നിന്നുള്ള തീര്‍ഥാടകരോട് മറ്റു വിമാനത്താവളങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇരട്ടിയിലധികം തുക ഈടാക്കാനാണ് എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ തീരുമാനിച്ചിട്ടുള്ളത്. ഹജ്ജ് യാത്രികര്‍ക്ക് വന്‍ സാമ്പത്തിക ചെലവ് വരുന്നതിനൊപ്പം കരിപ്പൂരിനെ യാത്രക്കാര്‍ കയ്യൊഴിയുന്നതിനും ഇത് കാരണമാവുമെന്നും പ്രമേയം അവതരിപ്പിച്ച ടി.വി ഇബ്രാഹിം എം.എല്‍.എ ചൂണ്ടിക്കാട്ടി. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പ്രമേയത്തെ പിന്താങ്ങി.