അവകാശപ്പെട്ട എല്ലാവർക്കും പട്ടയം നൽകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ചോക്കാട് സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഭൂരഹിതരായവർക്ക് ഭൂമി നൽകുക എന്നതാണ് സർക്കാർ ലക്ഷ്യം. സംസ്ഥാനത്തെ റവന്യൂ വകുപ്പ് മാറ്റത്തിന്റെ പാതയിലാണ്. നാല് വർഷം കൊണ്ട് സംസ്ഥാനത്തെ മുഴുവൻ ഭൂമിയും ഡിജിറ്റലായി അളന്ന് തിട്ടപ്പെടുത്തി ഭൂരേഖ തയ്യാറാക്കിയെടുക്കുന്ന പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചിട്ടുണ്ട്.

സർവേ പൂർത്തിയാകുന്നതോടെ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ക്രയവിക്രയങ്ങളും കൃത്യമായി കണക്കാക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. കായിക മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ വി.ആർ വിനോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം റസിയ സൈനുദ്ദീൻ, ഗ്രാമപഞ്ചായത്ത് അംഗം എം അൻവർ, സബ് കളക്ടർ ഡി രഞ്ജിത്ത്, എ.ഡി.എം എൻ.എം മെഹറലി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.ടി മുജീബ്, ജ്യോതിഷ്, ബിനു ഉമ്മൻ എന്നിവർ സംസാരിച്ചു.