കനാലിലേക്ക് മലിന ജലം ഒഴുക്കിവിടുന്ന 40 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി

കനോലി കനാൽ ശുചീകരണവുമായി ബന്ധപ്പെട്ട്  ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. കനാൽ ശുചീകരണവുമായി ബന്ധപ്പെട്ട ആദ്യഘട്ടം പൂർത്തിയായതായി ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.

കനോലി കനാലിലേക്ക് മലിന ജലം ഒഴുക്കിവിടുന്ന മുഴുവൻ സ്ഥാപനങ്ങളിലും പരിശോധന നടത്തി നോട്ടീസ് നൽകുന്നുണ്ട്. നിലവിൽ 40 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. നോട്ടീസിൽ പറഞ്ഞ കാലാവധിക്കുള്ളിൽ സമയബന്ധിതമായി, കൃത്യമായി മാലിന്യ സംസ്കരണ ഉപാധികൾ സ്ഥാപനങ്ങൾ സ്ഥാപിക്കണം. ഇവ നടപ്പാക്കുന്നുണ്ടോ എന്നത് ഉദ്യോഗസ്ഥർ പരിശോധിക്കണമെന്നും കലക്ടർ പറഞ്ഞു.

കനാല്‍ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തും. കനാലിലെ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജില്ലാ കലക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തില്‍ ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എം ഗൗതമന്‍, തദ്ദേശസ്ഥാപന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുൺ, ജൂനിയർ സൂപ്രണ്ട് പ്രകാശൻ, കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ മുനവ്വര്‍ റഹ്മാന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ പ്രമോദ്, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ സംബന്ധിച്ചു.