സംസ്ഥാന സർക്കാർ കായിക മേഖലയുടെ വളർച്ചയ്ക്ക് സാധ്യമാകുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കാവിലുംപാറ ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച കളിസ്ഥലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കായിക വകുപ്പിന് കീഴിൽ കായിക മേഖലയിലെ വികസനത്തിനു പുതിയ പദ്ധതികൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര സ്പോർട്സ് സമ്മിറ്റ് സംഘടിപ്പിക്കുക വഴി 4650 കോടി രൂപയുടെ നിക്ഷേപ സാധ്യതകൾ ഉയർന്നു വന്നതായി മന്ത്രി പറഞ്ഞു. മൈക്രോ സമ്മിറ്റിലൂടെ തദ്ദേശ സ്ഥാപന തലത്തിലുള്ള കായിക പുരോഗതിക്കുളള പദ്ധതികളും കായിക വകുപ്പ് തയ്യാറാക്കുന്നുണ്ട്. കായിക വിഭവശേഷി മാപ്പിങ്ങിനും സംസ്ഥാനത്ത് തുടക്കം കുറിച്ചതായും മന്ത്രി പറഞ്ഞു.
കോവിഡാനന്തരം ജീവിതശൈലി രോഗങ്ങൾ, ലഹരി ഉപയോഗം എന്നിവ വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രാദേശിക തലത്തിൽ കളിസ്ഥലങ്ങൾ അത്യാവശ്യമാണ്. വ്യായാമത്തെ ജീവിതത്തിന്റെ ഭാഗമായി തീർക്കണം. ഇതിനായി പ്രാദേശിക തലത്തിൽ കളിസ്ഥലം ഒരുക്കിയ ഗ്രാമപഞ്ചായത്ത് പ്രത്യേകം അഭിനന്ദനങ്ങൾ അർഹിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. ഇ കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മുൻ വോളിബോൾ താരവും ബിഎസ്എഫ് ഡെപ്യൂട്ടി കമാൻഡന്റുമായ റോയ് ജോസഫ് മുഖ്യാതിഥിയായി.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 14.9 ലക്ഷം രൂപ ചെലവഴിച്ച് 1260 ചതുരശ്ര മീറ്ററിൽ ബഡ്സ് സ്കൂളിനു . സമീപത്താണ് കളിസ്ഥലം നിർമ്മിച്ചത്. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി എം പ്രകാശൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ചടങ്ങിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി സുരേന്ദ്രൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ്, പഞ്ചായത്ത് സ്ഥലം സമിതി അധ്യക്ഷന്മാരായ രമേശൻ മണലിൽ, സാലി സജി, കെ പി ശ്രീധരൻ, ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മനോജ് കുമാർ കെ ടി,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. പെരുമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിജി ജോർജ് മാസ്റ്റർ സ്വാഗതവും എം ജി എൻ ആർ ഇ ജി എസ് അക്രഡിറ്റഡ് എൻജിനീയർ അജയ് തോമസ് നന്ദിയും പറഞ്ഞു