സ്‌കൂളുകളിലും കോളേജ് കാമ്പസുകളിലും വര്‍ദ്ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ നിന്നും വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാന്‍ കുടുംബശ്രീയും ജില്ലാ പഞ്ചായത്തും കൈകോര്‍ക്കുന്ന പദ്ധതി മാ കെയര്‍ ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്.എന്‍.സരിത ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ മറ്റു സാമഗ്രികളും സ്‌കൂളിനകത്തുതന്നെ ലഭ്യമാക്കുന്ന കിയോസ്‌കുകള്‍
കുണ്ടംകുഴി ജി.എച്ച്.എസ്.എസ്.എല്ലില്‍ സ്ഥാപിച്ചു.

ന്യൂട്രിമിക്‌സ് ഭക്ഷണങ്ങളും മാ-കെയറില്‍ ലഭ്യമാക്കും. ഇതിനായി സ്‌കൂളുകളില്‍ 300 ചതുരശ്ര അടിയില്‍ കെട്ടിടം നിര്‍മ്മിച്ചു. സംരംഭ യൂണിറ്റായാണ് മാ കെയര്‍ ആരംഭിച്ചത്. 7 ലക്ഷം രൂപ ചെലവിലാണ് പദ്ധതി ആവിഷ്‌കരിച്ചത്. ഇതില്‍ 3.5 ലക്ഷം ജില്ലാ പഞ്ചായത്ത് സബ്‌സിഡിയായി നല്‍കും. ജില്ലയില്‍ കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ചായ്യോത്ത് സ്‌കൂളിലാണ് ആദ്യമായി മാ കെയര്‍ പദ്ധതി നടപ്പിലാക്കിയത്.

കൗമാരക്കാര്‍ക്കിടയിലെ ലഹരി വസ്തുക്കളുടെ ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിമുക്തി, യോദ്ധാവ്, കുടുംബശീ ജില്ലാ മിഷന്റെ സുരക്ഷാശ്രീ എന്നീ പദ്ധതികളുടെ തുടര്‍ച്ചയായാണ് മാ കെയര്‍ പദ്ധതി നടപ്പിലാക്കുന്നത്. ഉച്ച നേരങ്ങളിലും മറ്റ് ഇടവേള സമയങ്ങളിലും പല ആവശ്യങ്ങള്‍ക്കായി കുട്ടികള്‍ സ്‌കൂളിന് പുറത്തുള്ള കടകളില്‍ പോകുന്നു. ഇത്തരം സാഹചര്യങ്ങളെയാണ് മയക്കുമരുന്ന് ലോബികള്‍ മുതലെടുക്കുന്നത്. ഇത് ഒഴിവാക്കാന്‍ കുട്ടികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ മറ്റു സാമഗ്രികളും സ്‌കൂളിനകത്തുതന്നെ ലഭ്യമാക്കുകയാണ് മാ-കെയര്‍ പദ്ധതിയിലൂടെ.