ആലപ്പുഴ: മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പത്തിയൂരിൽ നിർമ്മാണം പൂർത്തിയാക്കിയ ‘നികുഞ്ജം’ വൃദ്ധ സദനത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് -രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. മുതിർന്ന പൗരന്മാർക്കുള്ള ക്ഷേമത്തിനു വേണ്ടിയുള്ള പദ്ധതികൾ നടപ്പിൽ വരുത്തുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. വയോജനങ്ങളുടെ താമസം, സുരക്ഷ, ഭക്ഷണം എന്നിവ ഉറപ്പാക്കാനാണ് ഇത്തരത്തിലുള്ള കേന്ദ്രങ്ങൾ വഴി ലക്ഷ്യമിടുന്നത്. അർഹരായ ഒരാളെങ്കിലും അവശേഷിക്കുന്നിടത്തോളം ഈ കേന്ദ്രം പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൃദ്ധ ജനങ്ങളെ വീടുകളിൽ നിന്നും ആട്ടി പായിക്കുന്ന പ്രവണത പൂർണ്ണമായും ഇല്ലാതാക്കണമെന്നും മന്ത്രി പറഞ്ഞു. ഹോമിയോ, ആയുർവ്വേദ ആശുപത്രികൾ, പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയും ഇതിന്റെ സമീപത്തായി പ്രവർത്തിക്കുന്നുണ്ട്.

വൃദ്ധരായ ജനങ്ങളെ സംക്ഷിക്കാനും അവർക്ക് വേണ്ട എല്ലാ വിധ സൗകര്യങ്ങളും ലഭ്യമാക്കാനും ലക്ഷ്യമിട്ട് എല്ലാ വിധ ആധുനിക സംവിധാനങ്ങളോടും കൂടിയുള്ളതാണ് ഇവിടെ തയ്യാറായിരിക്കുന്ന വൃദ്ധ സദനം. ബ്ലോക്ക് പഞ്ചായത്തിന്റെ 2017-18 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണിതിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. എഴുപത്തി രണ്ട് ലക്ഷം രൂപയാണ് വൃദ്ധ സദനത്തിന്റെ നിർമ്മാണത്തിനായി ചെലവായത്. ഇതിൽ അറുപത് ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടും പതിനഞ്ച് ലക്ഷം രൂപ ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിച്ച വിഹിതവുമാണ്. ഇരുപത് പേർക്ക് ഒരേ സമയം താമസിക്കാവുന്ന തരത്തിലാണ് ഇതിന്റെ നിർമ്മാണം. ഭിന്നശേഷിക്കാരായവർക്കു വേണ്ട പ്രത്യേക സൗകര്യങ്ങളും ഇവിടെ തയ്യാറാക്കി കഴിഞ്ഞു. എല്ലാ മുറികളിലും ഹീറ്റർ, എല്ലാവർക്കും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാവുന്ന തരത്തിലുള്ള വലിയ തീൻമേശകൾ, മാനസികവും ശാരീരകവുമായ ഉല്ലാസവും ആരോഗ്യവും ഉറപ്പാക്കുന്നതിനായി പുസ്തകങ്ങൾ, പൂന്തോട്ടങ്ങൾ തുടങ്ങി നിരവധി സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വയോ ജനങ്ങൾക്ക് ആവശ്യമായ വൈദ്യ സഹായങ്ങൾ, പ്രത്യേക കൗൺസിലിങ്ങ് തുടങ്ങി മാനസിക ആരോഗ്യത്തിനു മുൻതൂക്കം നൽകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളും ഇവിടെ നിന്നും ലഭ്യമാക്കും.

മുതുകുളം ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ നടത്തി വന്ന വികസന പ്രവർത്തനങ്ങളെ കുറിച്ചുള്ള ‘സുലഭം’ പുസ്തകം മന്ത്രി പ്രകാശനം ചെയ്തു. പത്തിയൂർ ഗ്രാമപഞ്ചായത്തിലെ ആറ് ,എട്ട് വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികളിൽ നിന്നും സമാഹരിച്ച് 32,600 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി. യോഗത്തിൽ യു. പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിച്ചു.

മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിപിൻ സി. ബാബു, വൈസ് പ്രസിഡന്റ് റ്റി. ശ്രീകുമാരി, ജില്ലാ പഞ്ചായത്തംഗങ്ങളായ മണി വിശ്വനാഥ്, അരിതാ ബാബു, പത്തിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രഭാകരൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അജയൻ അമ്മാസ്, അംബുജാക്ഷി ടീച്ചർ, ശംസുദ്ധീൻ കായിപ്പുറം, എം. സോമലത, ശാരി പൊടിയൻ, കെ. സുകുമാരൻ, ചിങ്ങോലി രഞ്ജിത്ത്, എം.എ. അലിയാർ, കെ.എച്ച്. ബാബുജാൻ, എം. സുകുമാര പിള്ള, വി.എസ്. ദീപ, ആർ. അനന്ദൻ എന്നിവർ പ്രസംഗിച്ചു.