പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘കരിയര്‍ കാരവന്‍’ ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി. കരിയര്‍ കാരവനിലൂടെ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകള്‍, കരിയര്‍ പ്ലാനിംഗ്, മോട്ടിവേഷന്‍ ക്ലാസ്സുകള്‍, വ്യക്തിത്വ വികസനം, ഉന്നത വിദ്യാഭ്യാസ തൊഴില്‍ സാധ്യതകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തിയാണ് പര്യടനം പൂര്‍ത്തിയാക്കിയത്.
ഉന്നത വിദ്യാഭ്യാസ-തൊഴില്‍ മേഖല സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് പ്രത്യേക സെഷന്‍ കാരവനില്‍ ഒരുക്കിയിരുന്നു. ഭാവിയില്‍ കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്നതിന് റിസോഴ്സ് പേഴ്സണ്‍മാരുടെ വിവരങ്ങള്‍ അടങ്ങിയ പോസ്റ്ററുകളും കാരവനില്‍ വിതരണം ചെയ്തു. ജില്ലയിലെ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളിലാണ് കാരവന്‍ സന്ദര്‍ശനം നടത്തിയത്. ജില്ലാ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. ജില്ലയിലെ 69 വിദ്യാലയങ്ങളില്‍ കാരവന്‍ സന്ദര്‍ശനം നടത്തി.
പ്രത്യേക പരിഗണന അര്‍ഹിക്കുന്നതും പിന്നാക്ക വിഭാഗത്തിലെ കുട്ടികള്‍ക്കും കൂടുതല്‍ ഊന്നല്‍ നല്‍കിയാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 19 അധ്യാപകര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കിയിരുന്നു. പുളിഞ്ഞാല്‍ ഗവ.ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച സമാപന പരിപാടി ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ കരിയര്‍ കാരവനില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും മെമന്റോയും കൈമാറി.
പി.ടി.എ പ്രസിഡന്റ് സി.അബ്ദുള്‍ ജബ്ബാര്‍ അധ്യക്ഷനായി. കരിയര്‍ കാരവന്‍ കോ-ഓര്‍ഡിനേറ്ററായ കെ.ബി.സിമില്‍ പദ്ധതി വിശദീകരണം നടത്തി. സി.ഇ.ഫിലിപ്പ്, മനോജ് ജോണ്‍, കെ.എ മുഹമ്മദാലി, ബാവ കെ.പാലുകുന്ന്, കെ.കെ.സുരേഷ്, രതീഷ് അയ്യപ്പന്‍, ജിനീഷ് മാത്യു, എം.കെ രാജേന്ദ്രന്‍, ശ്രീജേഷ് നായര്‍, കെ.ബി.സിമില്‍, ടി. സുലൈമാന്‍, പി.കെ.അബ്ദുള്‍ സമദ്, എ.വി.രജീഷ്, കെ.ഷാജി, കെ രവീന്ദ്രന്‍, കെ അബ്ദുള്‍ റഷീദ്, ദീപു ആന്റണി, ഷാന്റോ മാത്യു, പി.കെ.സാജിദ്, വാര്‍ഡ് അംഗങ്ങളായ ഷൈജി ഷിബു, എസ്.എം.സി. വൈസ് ചെയര്‍മാര്‍ സി.പി മൊയ്തീന്‍, എം.പി.ടി.എ പ്രസിഡന്റ് ജസ്ന രതീഷ്, പി.ടി.എ പ്രസിഡന്റ് കെ.ജി.അയൂബ്, പി.ടി.എ എക്സിക്യുട്ടിവ് അംഗം എം.സി. സിറാജ്, ഹെഡ്മിസ്ട്രസ് പി.കെ. ഉഷാകുമാരി, സീനിയര്‍ അസിസ്റ്റന്റ് കെ.എം.നാസര്‍ എന്നിവര്‍ പങ്കെടുത്തു.