വയനാട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇ ഹെല്‍ത്ത് മുഖേനയുള്ള ഒ.പി സേവനങ്ങള്‍ ഇന്ന് മുതല്‍ ലഭ്യമാകും. ഒ.പി സേവനങ്ങള്‍ക്കായി വരുന്നവര്‍ യു.എച്ച്.ഐ.ഡി കാര്‍ഡ് കൈവശം കരുതണം. നിലവില്‍ കാര്‍ഡ് ഇല്ലാത്തവര്‍ കാര്‍ഡ് ലഭിക്കുന്നതിനായി ആധാര്‍ കാര്‍ഡ്, കാര്‍ഡുമായ് ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ എന്നിവ കൊണ്ടുവരണം. കാര്‍ഡിന്റെ ഫീസായി രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ 10 രൂപ അടക്കണം. കാര്‍ഡ് കൈവശം ഇല്ലാത്തവര്‍ക്കും പേരും അനുബന്ധ വിവരങ്ങളും ലഭ്യമാക്കിയാല്‍ ഒ.പി ടിക്കറ്റ് ലഭിക്കും. പദ്ധതിയുടെ സുഖമമായ നടത്തിപ്പിനായി നിലവിലുള്ള ഒ.പി കൗണ്ടറിനോടനുബന്ധിച്ച് പ്രത്യേക കൗണ്ടര്‍ ആരംഭിച്ചിട്ടുണ്ട്.

ഇ ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കുന്നതിലൂടെ ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കടലാസ് രഹിതമാക്കുന്നതു മൂലം സമയലാഭവും രോഗീസൗഹൃദമായ മെച്ചപ്പെട്ട ചികിത്സാ സൗകര്യവും ലഭിക്കുന്നതാണ്. ഇ ഹെല്‍ത്ത് സംവിധാനത്തിലൂടെ ഡോക്ടര്‍മാര്‍ക്ക് രോഗിയുടെ അസുഖവിവരങ്ങള്‍, പരിശോധനാ റിപ്പോര്‍ട്ടുകള്‍ എന്നിവ വിരല്‍ത്തുമ്പില്‍ ലഭിക്കും. സമയനഷ്ട്ടം ഒഴിവാക്കി അടുത്ത തവണ ഡോക്ടറെ കാണുന്നതിനുള്ള തീയതിയും സമയവും രേഖപ്പെടുത്തിയ അഡ്വാന്‍സ് ടോക്കണ്‍ വരെ ലഭ്യമാകുന്ന രീതിയിലാണ് ഇ.ഹെല്‍ത്ത് സംവിധാനമൊരുക്കുന്നത്. ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഘട്ടം ഘട്ടമായി മുഴുവന്‍ ചികിത്സാ വകുപ്പിലും ഇ ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.