മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം നിർവഹിച്ചു
അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ നിർമാണം പൂർത്തിയാക്കിയ അണ്ടൂർക്കോണം എൽ.പി.എസിന്റെ പുതിയ മന്ദിരവും കണിയാപുരം ഗവ. യു. പി. എസിന്റെ പുതിയ മെസ് ഹാളും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം ചെയ്തു.
സ്‌കൂൾ അന്തരീക്ഷവും അടിസ്ഥാനസൗകര്യവും മെച്ചപ്പെടുത്തുന്നതിന് സർക്കാരും തദ്ദേശസ്ഥാപനങ്ങളും വളരെയോറെ പ്രധാന്യം നൽകുന്നുവെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. വലിയ കെട്ടിടങ്ങൾ, എ.സി ക്ലാസ്മുറികൾ, ലിഫ്റ്റ് സൗകര്യം എന്നിങ്ങനെയാണ് സർക്കാർ സ്‌കൂളുകളിലെ സൗകര്യങ്ങൾ. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ മാത്രമല്ല പഠന നിലവാരത്തിലും മികവിന്റെ കേന്ദ്രങ്ങളാകുകയാണ് സർക്കാർ സ്‌കൂളുകളെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാലയങ്ങളുടെ വികസനം ഇപ്പോൾ സമൂഹം ഏറ്റെടുക്കുകയാണ്. വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ ഇടപെടലുകളാണ് അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് ഭരണസമിതി നടപ്പാക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി പത്ത് ലക്ഷം രൂപ വിനിയോഗിച്ചാണ് കണിയാപുരം സർക്കാർ യു.പി.എസിൽ മെസ് ഹാൾ പണിതത്. ഒരേ സമയം മൂന്നൂറോളം കുട്ടികൾക്ക് മെസ് ഹാളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം. കൂടാതെ പി.ടി.എയുടെ ആവശ്യപ്രകാരം സ്‌കൂളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുന്ന തരത്തിലാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ട് ഘട്ടങ്ങളിലായി 38 ലക്ഷം രൂപ ചെലവഴിച്ചാണ് അണ്ടൂർക്കോണം എൽ.പി.എസിലെ നാല് ക്ലാസ് മുറികളുൾപ്പെടുന്ന പുതിയ കെട്ടിടം നിർമിച്ചത്.
അണ്ടൂർകോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ.എസ് ഇരു ചടങ്ങുകളിലും അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ഉനൈസാ അൻസാരി, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.മാജിദാ ബീവി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.ആർ റഫീഖ് എന്നിവരും പങ്കെടുത്തു.