ആദ്യഘട്ടമായി 58.37 കോടി രൂപ അനുവദിച്ചു: പദ്ധതികള്‍ ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനായി ആവിഷ്‌കരിച്ച 717 കോടിയുടെ മാസ്റ്റര്‍ പ്ലാനിലെ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് ആദ്യഗഡുവായി 58.37 കോടി രൂപ കിഫ്ബി വഴി അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അടിസ്ഥാന റോഡ് വികസനത്തിനും മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗിനുമായാണ് ഈ അനുവദിച്ചത്. മെഡിക്കല്‍ കോളേജ് റോഡ് വികസനത്തിന് 18.6 കോടിയും പുതിയ മേല്‍പ്പാല റോഡിന് 12.31 കോടിയും മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗിന് 25.24 കോടി രൂപയും ഇലക്ട്രിക്കല്‍ ജോലികള്‍ക്ക് 2.18 കോടി രൂപയുമാണ് അനുവദിച്ചത്. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആക്കുന്നതിന്റെ ഭാഗമായാണ് മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നത്. ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ മെഡിക്കല്‍ കോളേജിന്റെ മുഖഛായ മാറുമെന്നും മന്ത്രി പറഞ്ഞു.

ഗതാഗതവും അനുബന്ധ സൗകര്യങ്ങളുമാണ് ആദ്യഘട്ടത്തില്‍ വികസിപ്പിക്കുന്നത്. ഗതാഗതക്കുരുക്ക് കൊണ്ട് ഏറെ ബുദ്ധിമുട്ടുന്ന മെഡിക്കല്‍ കോളേജ് ക്യാമ്പസ് റോഡ് നവീകരണമാണ് ഇതിലാദ്യത്തേത്. മെഡിക്കല്‍ കോളേജ് പ്രവേശന കവാടം മുതല്‍ ശ്രീ ചിത്രയ്ക്ക് സമീപം കൂടി സി.ഡി.സി. വരേയും എസ്.എ.ടി. അമ്മയും കുഞ്ഞും പ്രതിമ മുതല്‍ മോര്‍ച്ചറിയും എസ്.എസ്.ബി.യും കഴിഞ്ഞ് പ്രധാന റോഡ് വരേയും ഒ.പി. റോഡ് മുതല്‍ ശ്രീചിത്രയുടെ പുതിയ കെട്ടിടം വരെയുമുള്ള റോഡുകളാണ് വികസിപ്പിക്കുന്നത്. നിലവിലുള്ള രണ്ടുവരിപ്പാത മൂന്നുവരിയാക്കി വണ്‍വേ സമ്പ്രദായം ഏര്‍പ്പെടുത്തുന്നതാണ്.

ഗതാഗതക്കുരുക്ക് പരിഹരിക്കാനായി ശ്രീ ചിത്രയ്ക്ക് സമീപം മുതല്‍ ഒ.പി. ബ്ലോക്കിന് മുന്‍വശത്തുള്ള ചതുപ്പ് നിലത്തിന് മുകളിലൂടെ, മെന്‍സ് ഹോസ്റ്റലിനും പി.എം.ആറിനും ഇടയിലൂടെ കുമാരപുരം റോഡില്‍ വന്നിറങ്ങുന്ന ഇലവേറ്റഡ് റോഡ് കോറിഡോറും നിര്‍മ്മിക്കുന്നതാണ്.

മെഡിക്കല്‍ കോളേജിനെ വലയ്ക്കുന്ന മറ്റൊരു പ്രശ്‌നമാണ് പാര്‍ക്കിംഗ്. ഇത് മുന്നില്‍ കണ്ടാണ് ആദ്യഘട്ടത്തില്‍ അതിനും പരിഹാരം കാണുന്നത്. ഇതിനായി 2 മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനങ്ങളാണ് ഒരുക്കുന്നത്. അത്യാഹിത വിഭാഗത്തിന് മുമ്പിലുള്ള മള്‍ട്ടിലെവല്‍ പാര്‍ക്കിംഗില്‍ 300 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാകും. ഒ.പി. ബ്ലോക്കിന് മുന്‍വശത്തായുള്ള സ്ഥലത്ത് 200 വാഹങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനാകും. ആറു തട്ടുകളാണ് ഓരോ കെട്ടിടത്തിലുമുണ്ടാകുക. തെരുവ് വിളക്കുകള്‍ ഉള്‍പ്പെടെയുള്ള ഇലട്രിക്കല്‍ നവീകരണത്തിനും തുക അനുവദിച്ചിട്ടുണ്ട്.

പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനാണ് അടുത്ത ഘട്ടത്തില്‍ തുക അനുവദിക്കുന്നത്. 6 നിലകളുള്ള മോഡ്യുലാര്‍ ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സ്, 11 നിലകളുള്ള പീഡിയാട്രിക് കെട്ടിടം, 6 നിലകളുള്ള പുതിയ അക്കാഡമിക് ബ്ലോക്ക്, 6 നിലകളുള്ള എം.എല്‍.ടി. കെട്ടിടം എന്നിവയ്ക്കാണ് ഇനി തുക അനുവദിക്കുന്നത്.

ഇന്‍കെല്‍ ലിമിറ്റഡിനെയാണ് സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്.പി.വി.) ആയി ചുമതലപ്പെടുത്തിയത്. സാങ്കേതിക അനുമതിയും ടെണ്ടറും കഴിഞ്ഞ് ജനുവരിയോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിയുന്നതാണ്. ഒരു വര്‍ഷത്തിനുള്ളില്‍ റോഡുകളും മള്‍ട്ടിലെവല്‍ പാര്‍ക്കിംഗും പ്രവര്‍ത്തനസജ്ജമാകും. അധിക ജോലികളുള്ളതിനാല്‍ മേല്‍പ്പാല റോഡ് നിര്‍മ്മാണം ഒന്നര വര്‍ഷത്തോളമെടുക്കും.