തിരുവനന്തപുരം ഒബ്‌സർവേറ്ററിയിൽ പുതിയ ബഹുനില ക്വാർട്ടേഴ്‌സുകൾക്ക് ശിലാസ്ഥാപനം

സർക്കാർ ജീവനക്കാരുടെ ക്വാർട്ടേഴ്‌സുകൾക്കായി പുതിയ നയം രൂപീകരിക്കുന്നത് പരിഗണനയിലാണെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ധനകാര്യ, പൊതുഭരണ വകുപ്പുകളും ജീവനക്കാരുടെ സംഘടനകളുമായും ആലോചിച്ചാവും നയം രൂപീകരിക്കുക. തിരുവനന്തപുരം ഒബ്‌സർവേറ്ററിയിൽ സർക്കാർ ജീവനക്കാർക്കായുള്ള പുതിയ ബഹുനില ക്വാർട്ടേഴ്‌സുകളുടെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഗവൺമെന്റ് ക്വാർട്ടേഴ്‌സുകളുടെ ലഭ്യതയുടെ മൂന്നിരട്ടിയോളമാണ് ആവശ്യക്കാർ. വലിയൊരു വിഭാഗം ജീവനക്കാർ ഏറെദൂരം യാത്ര ചെയ്താണ് ജോലി ചെയ്യുന്നത്. ഈ ജീവനക്കാരിൽ ഭൂരിപക്ഷവും വനിതകളാണ്. ജീവനക്കാരിൽ മുപ്പത് ശതമാനത്തോളം പേർക്കെങ്കിലും ക്വാർട്ടേഴ്‌സുകളുടെ പ്രയോജനം ലഭിക്കത്തക്കവിധമാണ് പദ്ധതികൾ ആവിഷ്‌കരിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

ഒബ്‌സർവേറ്ററി കോമ്പൗണ്ടിലുള്ള റിക്രിയേഷൻ ക്‌ളബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ വി.എസ്. ശിവകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. മേയർ വി.കെ. പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ ഐഷ ബേക്കർ, ചീഫ് ആർക്കിടെക്റ്റ് രാജീവ് പി.എസ്, ഒബ്‌സർവേറ്ററി ഗവൺമെന്റ് ക്വാർട്ടേഴ്‌സ് അസോസ്സിയേഷൻ പ്രസിഡന്റ് കെ.മനോജ് തുടങ്ങിയവർ പങ്കെടുത്തു. ദക്ഷിണമേഖല കെട്ടിടവിഭാഗം സൂപ്രണ്ടിങ് എൻജിനീയർ ഡി. ഹരിലാൽ റിപ്പോർട്ട് അവതരിപ്പിച്ചു. കെട്ടിടവിഭാഗം ചീഫ് എൻജിനീയർ ഇ.കെ.ഹൈദ്രു സ്വാഗതവും സ്‌പെഷ്യൽ ബിൽഡിങ്‌സ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ജ്യോതി ആർ നന്ദിയും പറഞ്ഞു.
തലസ്ഥാനനഗരമായ തിരുവനന്തപുരത്ത് സർക്കാർ ജീവനക്കാർക്ക് മതിയായ താമസസൗകര്യം ലഭിക്കാത്ത സാഹചര്യത്തിലാണ് 625.40 ലക്ഷം രൂപ ചെലവിൽ പൊതുമരാമത്ത് വകുപ്പ് ഒബ്‌സർവേറ്റരി ഹില്ലിൽ ക്വാർട്ടേഴ്‌സുകൾ പണിയുന്നത്. മൂന്നുനിലകളുള്ള പന്ത്രണ്ട് ക്വാർട്ടേഴ്‌സുകളാണ് രണ്ടു ബ്‌ളോക്കുകളിലായി പണിയുന്നത്.