സമഗ്ര വികസന പദ്ധതി തയ്യാറാക്കുന്നതിന്  കിറ്റ്കോയെ ചുമതലപ്പെടുത്തി 
ചണ്ഡീഗഡും ഡല്‍ഹിയും ഹൈദരാബാദും പോലെ മനോഹരമായ ആസൂത്രിത നഗരമാക്കി (planned city) മട്ടന്നൂരിനെ രൂപപ്പെടുത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. മട്ടന്നൂര്‍ നഗര വികസനവുമായി ബന്ധപ്പെട്ട് നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മട്ടന്നൂരിന്റെ സമഗ്ര വികസനത്തെക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കിറ്റ്കോയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. റോഡുകള്‍, പാലങ്ങള്‍, സ്‌കൂളുകള്‍, ഡ്രൈനേജ് സംവിധാനം, വൈദ്യുതി, കായിക- വിനോദ സൗകര്യങ്ങള്‍ തുടങ്ങി എല്ലാ മേഖലകളുടെയും സമഗ്ര വികസനമാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ കിന്‍ഫ്ര പാര്‍ക്ക് മികച്ച വ്യവസായ കേന്ദ്രമായി രൂപപ്പെടുത്തേണ്ടതുണ്ട്. ദീര്‍ഘ വീക്ഷണത്തോടെയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നാടിനാവശ്യം. സ്റ്റേഡിയം, അസാപ് കേന്ദ്രം തുടങ്ങിയവ മട്ടന്നൂരില്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ഇന്‍ഡോര്‍ സ്റ്റേഡിയം, നീന്തല്‍ കുളം എന്നിവ നിര്‍മിക്കുന്നതിനുള്ള ചുമതലയും മന്ത്രി കിറ്റ്്കോയെ ഏല്പിച്ചു.
നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ബൈപാസ്സുകള്‍ നിര്‍മിക്കണമെന്നും പ്രത്യേക പാര്‍ക്കിംഗ് ഏരിയ നിര്‍മിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. റോഡിന്റെ ഇരു വശങ്ങളിലുമായാണ് നിലവില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇത് വലിയ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതായി കൗണ്‍സിലര്‍മാര്‍ മന്ത്രിയെ അറിയിച്ചു. ആവശ്യമായ കംഫേര്‍ട് സ്റ്റേഷനുകള്‍ നിര്‍മിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
നഗരസഭാ ഹാളില്‍ നടന്ന ചര്‍ച്ചയില്‍ ചെയര്‍പേഴ്‌സണ്‍ അനിത വേണു, വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍, പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍ അശോകന്‍, നഗരസഭാ സെക്രട്ടറി എം സുരേശന്‍, പ്രിന്‍സിപ്പല്‍ എഞ്ചിനീയര്‍ മനോജ് കുമാര്‍, കിറ്റ്കോ സീനിയര്‍ കണ്‍സല്‍ട്ടന്റ് ജി രാഗേഷ്, നഗരസഭാ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.