രാജ്യത്തിന്റെ ജനാധിപത്യം ശക്തിപ്പെടുത്താന്‍ പുതുതലമുറയില്‍ വ്യക്തമായ രാഷ്ട്രീയ ബോധം വളര്‍ത്തിയെടുക്കണമെന്ന ആഹ്വാനവുമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്ന ടേക്കോഫ്- കരിയര്‍ മാസത്തിന് സമാപനം. സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന മേഖലയാണ് രാഷ്ട്രീയമെന്നും എന്നാല്‍ അതേക്കുറിച്ച് പുതുതലമുറയിലെ വിദ്യാസമ്പന്നരായ ആളുകള്‍ക്ക് പോലും വേണ്ടത്ര ധാരണയില്ലെന്നും ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പി ജയരാജന്‍ (സിപിഎം), സതീശന്‍ പാച്ചേനി (ഐഎന്‍സി), പി സന്തോഷ് കുമാര്‍ (സിപിഐ), പി സത്യപ്രകാശ് (ബിജെപി) എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.
രാഷ്ട്രീയപ്രവര്‍ത്തനം ഒതു തൊഴിലായി കാണേണ്ടതാണോ എന്നായിരുന്നു പ്രധാന ചര്‍ച്ച. രാഷ്ട്രീയ പ്രവര്‍ത്തനം ഒരു വരുമാനമാര്‍ഗമായി കാണരുതെന്നും മറ്റു തൊഴിലുകളോടൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ടുപോവുകയാണ് അഭികാമ്യമെന്നുമുള്ള അഭിപ്രായമാണ് പൊതുവായി ഉയര്‍ന്നുവന്നത്. എന്നാല്‍ മുഴുസമയ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാവുന്ന പ്രതിഫലം പാര്‍ട്ടിയില്‍ നിന്ന് കൈപ്പറ്റുന്നതില്‍ തെറ്റില്ല. അല്ലാത്തപക്ഷം അത് അഴിമതിയിലേക്ക് നയിക്കും. രാഷ്ട്രീയപാര്‍ട്ടികളുടെ വരുമാന സ്രോതസ്സുകള്‍ സുതാര്യമായിരിക്കണം. കോര്‍പറേറ്റുകള്‍ രാഷ്ട്രീയപാര്‍ട്ടികളില്‍ നിക്ഷേപമിറക്കുകയും അതിലൂടെ ലാഭം കൊയ്യുകയും ചെയ്യുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാവണം. അല്ലാത്ത പക്ഷം ജനാധിപത്യം പണാധിപത്യത്തിന് വഴിമാറും.
ജനസേവനമായിരിക്കണം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മുഖമുദ്ര. സാമൂഹിക പ്രതിബദ്ധതയും സത്യസന്ധതയും നേതൃപാടവവും കൈമതലുള്ളവര്‍ക്ക് രാഷ്ട്രീയത്തിലേക്കിറങ്ങാം. വിജയപരാജയങ്ങള്‍ ആപേക്ഷികമാണ്. സാധ്യതയുടെ കലയാണ് രാഷ്ട്രീയം. സമൂഹത്തില്‍ നല്ല മാറ്റങ്ങളുണ്ടാക്കാനുള്ള അഭിവാഞ്ജയും തനിക്കത് കഴിയുമെന്നുള്ള ആത്മവിശ്വാസവും വേണം. പുതുതലമുറയില്‍ നിന്നുള്ള കഴിവുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് വരണം. എങ്കില്‍ മാത്രമേ നാം കൈവരിച്ച നേട്ടങ്ങള്‍ ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകാനാവൂ- ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തില്‍ വളര്‍ന്നുവരാന്‍ അനുകൂലമായ സാഹചര്യമാണ് രാജ്യത്തുള്ളത്- പ്രത്യേകിച്ച് കേരളത്തില്‍. അവരത് പരമാവധി പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ വലിയ പ്രാധാന്യം നല്‍കുന്ന ഇക്കാലത്ത് വിദ്യാസമ്പന്നര്‍ക്ക് നിരവധി അവസരങ്ങള്‍ രാഷ്ട്രീയരംഗം തുറന്നിടുന്നുണ്ടെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. പുതുസമൂഹത്തില്‍ നിന്നുള്ള നവീനമായ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കണം.
മതത്തെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരരുതെന്നാണ് ചര്‍ച്ചയിലുയര്‍ന്ന പൊതു അഭിപ്രായം. അത് രാജ്യത്തിന്റെ ജനാധിപത്യ-മതേതര സങ്കല്‍പ്പങ്ങളെ അപകടപ്പെടുത്തും. അതേസമയം മതത്തെ രാഷ്ട്രീയത്തില്‍ ഉപയോഗപ്പെടുത്താത്തവരായി ആരുമില്ലെന്ന അഭിപ്രായവും ചര്‍ച്ചയില്‍ ഉയര്‍ന്നു.
കാംപസ് രാഷ്ട്രീയം, ഹര്‍ത്താല്‍, രാഷ്ട്രീയനേതൃത്വത്തിന്റെ അക്കാദമിക നിലവാരം, സ്ത്രീ പ്രാതിനിധ്യം എന്നിവയെ കുറിച്ച് സദസ്സില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്ക് നേതാക്കള്‍ മറുപടി പറഞ്ഞു. ജനാധിപത്യ സമൂഹത്തില്‍ കലാലയങ്ങള്‍ രാഷ്ട്രീയ ചര്‍ച്ചകളുടെ കേന്ദ്രമായി മാറണം. അരാഷ്ട്രീയ കാംപസുകള്‍ അരാജകത്വത്തിന്റെ വിളനിലമായി മാറുന്ന സ്ഥിതിയാണ്. അതേസമയം വിദ്യാര്‍ഥി രാഷ്ട്രീയം സംഘര്‍ഷത്തിലേക്ക് മാറുന്നതാണ് അതിനെതിരായ ചര്‍ച്ചകളിലേക്ക് നയിക്കുന്നതെന്നും അഭിപ്രായമുയര്‍ന്നു. പ്രതിഷേധരീതിയെന്ന നിലയില്‍ ഹര്‍ത്താല്‍ ആവശ്യമാണെന്ന പൊതു അഭിപ്രായമാണ് ചര്‍ച്ചയിലുയര്‍ന്നത്. എന്നാല്‍ ഗതാഗത തടസ്സമുണ്ടാക്കിയുള്ള ഹര്‍ത്താല്‍ വേണ്ടെന്ന അഭിപ്രായവുമുണ്ടായി. രാഷ്ട്രീയത്തില്‍ അക്കാദമിക യോഗ്യതകള്‍ പ്രധാന മാനദണ്ഡമല്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ലഭിക്കുന്ന അനുഭവങ്ങള്‍ തന്നെ വലിയ വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസ യോഗ്യതകളില്ലാത്ത പല നേതാക്കളും വലിയ ഭരണകര്‍ത്താക്കളായി കഴിവ് തെളിയിച്ച അനുഭവം നമുക്കു മുമ്പിലുണ്ട്. അക്കാദമിക രംഗത്തെ മികവുണ്ടെന്നു കരുതി അയാള്‍ നല്ല ഭരണകര്‍ത്താവായിക്കൊള്ളണമെന്നില്ലെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
തങ്ങളെ രാഷ്ട്രീയ രംഗത്തേക്ക് നയിച്ച ഘടകങ്ങളും സാഹചര്യങ്ങളും നേതാക്കള്‍ വിവരിച്ചു. രാഷ്ട്രീയ ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും സങ്കടവും സമ്മാനിച്ച അനുഭവങ്ങളും സദസ്സുമായി അവര്‍ പങ്കുവച്ചു.
ക്ലാസ് മുറിക്കകത്ത് പുസ്തകങ്ങളില്‍ നിന്ന് ലഭിക്കുന്ന എ പ്ലസ്സുകളില്‍ മാത്രം കാര്യമില്ലെന്നും ചുറ്റുമുള്ള സമൂഹത്തില്‍ നിന്നും ലഭിക്കുന്ന അറിവുകളാണ് രാഷ്ട്രീയത്തില്‍ പ്രധാനമെന്നും സദസ്സിനെ ഓര്‍മിപ്പിച്ചാണ് കലക്ടര്‍ ചര്‍ച്ച അവസാനിപ്പിച്ചത്. ചര്‍ച്ചകള്‍ വഴിമാറിപ്പോയപ്പോള്‍ ഇതൊരു ന്യൂസ് റൂമായി കാണരുതെന്ന കലക്ടറുടെ ഓര്‍മപ്പെടുത്തല്‍ സദസ്സില്‍ ചിരിപടര്‍ത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, സബ് കലക്ടര്‍ എസ് ചന്ദ്രശേഖര്‍, അസിസ്റ്റന്റ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ഡിപിഎം മിഥുന്‍ കൃഷ്ണ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച
ടേക്കോഫ് പരിപാടിയുടെ ഭാഗമായി ഒക്ടോബറിലെ മറ്റു മൂന്നു ഞായറാഴ്ചകളില്‍ പ്രതിരോധം, സംരംഭകത്വം, സിവില്‍ സര്‍വീസ് എന്നീ വിഷയങ്ങളായിരുന്നു ചര്‍ച്ച ചെയ്തത്.