സമൂഹത്തെ പിറകോട്ടടിപ്പിക്കുന്ന സമീപനമാണ് നിലവിലുള്ളതെന്നും പഴയ ആചാരങ്ങളിലേക്ക് തിരിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്ന ശക്തികളുടെ ഉദ്ദേശം കേരളത്തിൽ നടപ്പാകില്ലെന്നും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .പാലക്കാട് തരൂർ നിയോജകമണ്ഡലത്തിലെ കുത്തന്നൂർ പഞ്ചായത്തിലെ തോലന്നൂർ ഗവ. ആർട്‌സ് ആൻഡ് സയൻസ് കൊളെജ് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിലെ ക്യാമ്പസുകളിൽ പുരോഗമന ശക്തികൾ കരുത്താർജിക്കുന്നത് പുരോഗമനത്തിന്റെ സൂചനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്രബോധം വളർത്താൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ ശാസ്ത്ര വിരുദ്ധസമീപനം കാണുന്നത് തെറ്റായ പ്രവണതയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ശാസ്ത്ര ചിന്തയെ പിന്തുണച്ചും വളർത്തിയും നാടിനെ പുരോഗമനത്തിലേക്ക് നയിക്കാൻ സാധിക്കണമെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. നവോത്ഥാനകാലത്ത് സാമൂഹിക മുന്നേറ്റത്തിനായി പരിശ്രമിച്ച ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി എന്നീ മഹാന്മാരെയും മുഖ്യമന്ത്രി പരിപാടിയിൽ അനുസ്മരിച്ചു. ശ്രീനാരായണഗുരു ആദ്യം നടത്തിയ ആചാരലംഘനം പ്രതിഷ്ഠാകർമം നിർവഹിച്ചുകൊണ്ടുള്ളതാണെന്നും നാട്ടിൽ വേണ്ടത് അമ്പലങ്ങൾ അല്ല മറിച്ച് വിദ്യാലയങ്ങൾ ആണ് എന്ന് ശ്രീനാരായണ ഗുരു പറഞ്ഞത് സംബന്ധിച്ചും മുഖ്യമന്ത്രി പരിപാടിയിൽ ഓർമ്മിപ്പിച്ചു. 1957-ൽ ഇടതുപക്ഷ സർക്കാർ നിലവിൽ വന്ന ശേഷമാണ് വിദ്യാഭ്യാസസ്ഥാപനങ്ങൾ പ്രത്യേകിച്ച് പാവപ്പെട്ട കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നവിധം വ്യാപകമായത് എന്ന് അദ്ദേഹം പറഞ്ഞു.അക്കാലത്ത് സമൂഹത്തിൽ ഉണ്ടായ ഉത്പതിക്ഷ്ണപരമായ മാറ്റം നവോത്ഥാനകാലത്തിന് മാത്രമല്ല മറിച്ച് പുരോഗമന പ്രസ്ഥാനങ്ങൾക്ക് കൂടി നടപ്പാക്കാൻ സാധിച്ചു എന്നുള്ളത് അദ്ദേഹം ഓർമ്മപ്പെടുത്തി . ചരിത്രപരമായി നോക്കുമ്പോൾ ദേശീയ പ്രസ്ഥാനങ്ങൾക്കും ഇടതുപക്ഷ പക്ഷത്തിനും അതിൽ സ്ഥാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ പട്ടിക ജാതി-പട്ടിക വർഗ്ഗ-പിന്നാക്കക്ഷേമ- നിയമ-സാംസ്‌കാരിക- പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലൻ അധ്യക്ഷനായി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ, ആലത്തൂർ എം.പി. പി.കെ. ബിജു എന്നിവർ മുഖ്യാതിഥികളായി. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ ഡോ. മുഹമ്മദ് ബഷീർ, സ്വാ?ഗതം സംഘം ജനറൽ കൺവീനറും ജില്ലാ കളക്ടറുമായ ഡി. ബാലമുരളി, സ്വാഗതം സംഘം ചെയർമാനും ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ സി.കെ. ചാമുണ്ണി, തരൂർ മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.