പാലക്കാട് തരൂർ മണ്ഡലത്തിലെ വിദ്യാർത്ഥികളിൽ ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് പുറത്ത് പോകേണ്ട സ്ഥിതിയിൽ മാറ്റം വന്നുവെന്ന് പട്ടിക ജാതി പട്ടിക വർഗ്ഗ, പിന്നക്കക്ഷേമ, നിയമ, സാംസ്‌കാരിക, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ദൂരെ പോകാതെ പഠിക്കാനുള്ള സൗകര്യം കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രോത്സാഹനമാവുമെന്ന് മന്ത്രി പറഞ്ഞു.
തോലന്നൂർ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിന്റെ ഉദ്ഘാടന പരിപാടിയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മണ്ഡലത്തിൽ വിവിധ തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാൻ കഴിഞ്ഞു. ഇതിലൂടെ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് തൊഴിൽ ഉറപ്പാക്കാൻ സാധിക്കുന്നുണ്ട്. കോഴ്‌സിന് ചേർന്നാൽ തന്നെ പ്ലേസ്‌മെന്റ് ഉറപ്പാക്കാൻ കഴിയുംവിധം കോഴ്‌സുകൾ ആരംഭിച്ചുണ്ട്. വടക്കഞ്ചേരിയിലെ കമ്മ്യൂണിറ്റി കോളേജ്, പഴമ്പാലക്കോടുള്ള ഹെൽത്ത് ഇൻസ്‌പെക്‌റ്റേഴ്‌സ് കോഴ്‌സ് സ്ഥാപനം തുടങ്ങിയവയിലൂടെ വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പാക്കാൻ സാധിക്കുമെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു.
പെരിങ്ങോട്ടുകുറിശ്ശി മോഡൽ റെസിഡന്റഷ്യൽ സ്‌കൂൾ സംസ്ഥാനത്തെ തന്നെ മികച്ചതാക്കി മാറ്റാൻ കഴിഞ്ഞു. കായിക രംഗത്ത് ശാസ്ത്രീയ പരിശീലനത്തിനായി മണ്ഡലത്തിൽ കണ്ണമ്പ്ര, കോട്ടായി എന്നിവിടങ്ങിൽ സ്റ്റേഡിയം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.