കൊല്ലം: സംസ്ഥാനത്ത് ഫിഷറീസ് വകുപ്പ് 1273 കോടി രൂപയുടെ റോഡ് വികസനമാണ്  നടപ്പിലാക്കുന്നതെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കുണ്ടറ മണ്ഡലത്തില്‍ പൂര്‍ത്തിയാക്കിയ വാലുവിള കെ.എസ്.എം ഹോസ്പിറ്റല്‍-പള്ളിപടിഞ്ഞാറ്റതില്‍-പാലമുക്ക്, കെ.എസ്.എം ഹോസ്പിറ്റല്‍-ലൈബ്രറി-പുത്തന്‍പുരമുക്ക് റോഡുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ജില്ലയില്‍ മാത്രമായി 101 കോടി രൂപയുടേയും കുണ്ടറയില്‍ 20 കോടി രൂപയുടേയും റോഡ് വികസനമാണ് നടത്തുന്നത്. നാലു കോടി രൂപ ചെലവ് വരുന്ന ഇളമ്പള്ളൂര്‍-കേരളപുരം-ചന്ദനത്തോപ്പ് സമാന്തര റോഡ് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020 ല്‍ എല്ലാ റോഡുകളുടേയും നവീകരണം സാധ്യമാക്കും വിധമാണ് പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്.
കാഞ്ഞിരകോട് താലൂക്ക് ആശുപത്രി നവീകരണത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് 62 കോടി രൂപ ചെലവില്‍ ഏഴുനില കെട്ടിടമാകും നിര്‍മിക്കുക.
കേരളപുരം സ്‌കൂളിന്റെ നിലവാരം മെച്ചപ്പെടുത്തി ഹയര്‍ സെക്കന്‍ഡറി സ്‌കൂളാക്കി മാറ്റാനും ഉദ്ദേശിക്കുന്നു.
രാഷ്ട്രീയത്തിന് അതീതമായി സംസ്ഥാനത്താകമാനം സര്‍ക്കാര്‍ നടത്തുന്ന ജനപക്ഷ പ്രവര്‍ത്തനങ്ങള്‍ എല്ലാവരും തിരിച്ചറിയുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. പ്രളയകാലത്ത് ഒറ്റക്കെട്ടായിനിന്ന ജനത അതേ മാതൃക തന്നെയാകും ഇനിയങ്ങോട്ടും പിന്തുടരുക എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. അനില്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എസ്. ശ്രീദേവി, മറ്റു പഞ്ചായത്ത് അംഗങ്ങള്‍, പെരിനാട് സര്‍വീസ്     സഹകരണ ബാങ്ക് ഭരണസമിതി അംഗം സെയിനിലാബുദീന്‍, രാഷ്ട്രീയകക്ഷി      നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.