കൊല്ലം:  ആയുര്‍വേദ മേഖലയിലും പാലിയേറ്റീവ് കെയര്‍ സെന്റര്‍ തുടങ്ങുന്നത് പരിഗണനയിലെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. നെടുമ്പന സര്‍ക്കാര്‍ ആശുപത്രിയില്‍ തീര്‍ത്ത പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ മാതൃകയില്‍ ആയുര്‍വേദ ആശുപത്രികള്‍  മെച്ചപ്പെടുത്താനാണ് ആലോചിക്കുന്നത്. നെടുമ്പന താലൂക്ക് ആശുപത്രിയില്‍       നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി രൂപയാണ് നല്‍കിയത്. സൗകര്യങ്ങള്‍ മെച്ചപ്പെടുന്ന മുറയ്ക്ക് കൂടുതല്‍ ഡോക്ടര്‍മാരെ ഇവിടെ നിയോഗിക്കും.
ആരോഗ്യ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. വിദ്യാഭ്യാസ-ഭവന നിര്‍മാണ-പശ്ചാത്തല സൗകര്യവികസന-കുടിവെള്ള മേഖലകളില്ലാം മുമ്പെങ്ങുമില്ലാത്ത മുന്നേറ്റമാണ് നടക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.
നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. നാസറുദീന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എല്‍. അനിത, സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷരായ ടി.എന്‍. മന്‍സൂര്‍, സി. സന്തോഷ്‌കുമാര്‍, കെ. ഉഷാകുമാരി, പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.