കൊല്ലം: പേരയം പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് 1.31 കോടി രൂപ ചെലവില്‍ യാഥാര്‍ത്ഥ്യമാക്കിയ കോട്ടപ്പുറം കുടിവെള്ള പദ്ധതി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നാടിന് സമര്‍പ്പിച്ചു.
എല്ലാവരിലേക്കും കുടിവെള്ളം എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ്      സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. തുടക്കത്തില്‍ രൂക്ഷമായ കുടിവെള്ള ദൗര്‍ലഭ്യമുള്ള പ്രദേശങ്ങളിലാകും പദ്ധതിയുടെ പ്രയോജനം കിട്ടുക. ക്രമേണ      സമീപ പ്രദേശങ്ങളിലെല്ലാം കുടിവെള്ളം ലഭ്യമാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പേരയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്റ്റാന്‍സി യേശുദാസന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ അഡ്വ.   ജൂലിയറ്റ് നെല്‍സണ്‍, പേരയം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി  അധ്യക്ഷന്‍ ജെ.എല്‍. മോഹനന്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.