-പെരിന്തൽമണ്ണയിൽ സ്റ്റാർടപ് വില്ലേജ് സ്ഥാപിക്കും – എം.എൽ.എ
സംരംഭക ആശയങ്ങൾക്ക് ഉണർവ് നൽകി ‘സ്‌കൈൽ അപ്’ ബിസിനസ് കോൺക്ലേവിന് പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സെന്ററിൽ തുടക്കമായി. യുവാക്കളുടെയും വിദ്യാർഥികളുടെയും ബിസിനസ് സ്വപ്നങ്ങൾക്ക് സഹായകമാവുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് ദിവസങ്ങളിലായി കോൺക്ലേവ് നടത്തുന്നത്.
സംരംഭക ആശയമുള്ളവർക്ക് പിന്തുണ ഉറപ്പാക്കാൻ പെരിന്തൽമണ്ണയിൽ ‘സ്‌കെയിൽ അപ്’ സ്റ്റാർടപ് വില്ലേജ് സ്ഥാപിക്കുമെന്ന് നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു.
ബിസിനസ് ആശയമുള്ളവർക്ക് പിന്തുണയും സഹകരണവും വില്ലേജിൽ ഉറപ്പാക്കും. വനിതകളുടെയും യുവാക്കളുടെയും വിദ്യാർഥികളുടെയും ബിസിനസ് സ്വപ്നങ്ങൾക്ക് നിറം പകരുക എന്ന ലക്ഷ്യത്തോടെയാണ് പെരിന്തൽമണ്ണയിൽ ഇത്തരമൊരു കോൺക്ലേവ് നടത്തുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടി നിരവധി പേർക്ക് സഹയകമാവുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടർ വി.ആർ വിനോദ്, മുൻ എം.പി എം.വി ശ്രേയംസ്‌കുമാർ, സംരംഭകരായ അനിഷ് അച്ചുതൻ, ഷറിൻ കളത്തിൽ, ഷയാസ് റഫിയ മൊയ്തീൻ, നദീം സഫ്റാൻ, ഡോ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.
കേരള സ്റ്റാർട്ടപ്പ് മിഷൻ, അസാപ്പ്, നോളജ് ഇക്കണോമി മിഷൻ, കെ.എസ്.ഐ.ഡി.സി എന്നിവയുടെ നടത്തുന്ന കോൺക്ലേവ് ഇന്ന് (ഫെബ്രുവരി മൂന്ന്) സമാപിക്കും. കൂടുതൽ ബിസിനസ് സംരംഭങ്ങൾ കൊണ്ടുവരികയും അതുവഴി പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുകയാണ് സ്‌കെയിൽ അപ്പ് കോൺക്ലേവിന്റെ ലക്ഷ്യം. ബിസിനസ് മേഖലയിലും സംരംഭക രംഗത്തുമുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനും സംരംഭകൾക്ക് ആവശ്യമായ സഹായങ്ങളും കോൺക്ലേവിലൂടെ ഉറപ്പാക്കിയിട്ടുണ്ട്. അഞ്ച് വേദികളിലായാണ് കോൺക്ലേവ് നടത്തുന്നത്. നവസംരംഭകർക്കും ബിസിനസ് നടത്തുന്നവർക്കും സഹായകരമാവുന്ന രീതിയിലാണ് പരിപാടികൾ ഒരുക്കിയിട്ടുള്ളത്. ശീതീകരിച്ച എക്സിബിഷൻ ഹാളും ഇതോടൊപ്പം തയ്യാറാക്കിയിട്ടുണ്ട്.