സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഇൻക്ലൂസിവ് കായികോത്സവത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. 101 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത്. ജില്ലാ തല കായികോത്സവം ഫെബ്രുവരി 17 ന് തളി സാമൂതിരി എച്ച്.എസ്.എസിൽ നടക്കും. ബി.ആർ.സി തലം മുതൽ സംസ്ഥാനതലം വരെ നടത്തുന്ന കായികോത്സവത്തിൽ ഏഴു ഇനങ്ങളിലായി ജില്ലാ തലത്തിൽ 300 ൽ അധികം ഭിന്നശേഷി കുട്ടികൾ പങ്കാളികളാവും. പൊതുവിദ്യാലയങ്ങളിൽ ഒന്ന് മുതൽ 12 വരെ ക്ലാസ്സുകളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കും കായിക മത്സരങ്ങളിൽ തുല്യമായ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിലാണ് ഇൻക്ലൂസീവ് കായികോത്സവങ്ങൾ സംഘടിപ്പിക്കുന്നത്.

ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മേയർ ബീനാ ഫിലിപ്പ് ചെയർപേഴ്സണായും എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ എ കെ അബ്ദുൾ ഹക്കീം ചീഫ് കോർഡിനേറ്ററായും എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ വി ടി ഷീബ കൺവീനറായുള്ള സംഘാടകസമിതിക്ക് രൂപം നൽകി. വിവിധ സബ് കമ്മിറ്റികളും യോഗത്തിൽ രൂപീകരിച്ചു.

കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ്, ഡി.ഡി.ഇ മനോജ് മണിയൂർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹെലന്‍ ഹൈസന്ത് മെന്റോസ്, സി ആർ സി ഡയറക്ടർ ഡോ. റോഷൻ ബിജ്ലി, ഡയറ്റ് കോഴിക്കോട് പ്രിൻസിപ്പൽ യു കെ നാസർ, സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപുൽ പ്രേംനാഥ്, മറ്റു ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.