ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന ആയുഷ് സ്ഥാപനങ്ങൾ കേരളത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. തകഴി ഗ്രാമപഞ്ചായത്ത് സർക്കാർ ആയുർവേദ ഡിസ്പെൻസറി, ഹെൽത്ത് വെൽനസ് സെന്റർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

അടിസ്ഥാന സൗകര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ആരോഗ്യ കേന്ദ്രങ്ങൾ. ഒരു നാടിന്റെ ദീർഘനാളായുള്ള ആവശ്യമാണ് ഇവിടെ യാഥാർത്ഥ്യമായതെന്നും മന്ത്രി പറഞ്ഞു. വളരെ പ്രൗഢമായിട്ടുള്ള അനുഭവവും പ്രാവീണ്യവും ആയുർവേദമേഖലയിൽ കേരളത്തിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആശുപത്രികളുടെ ഗുണനിലവാര പരിശോധനയ്ക്കുള്ള മാനദണ്ഡമായ എൻ. എ.ബി.എച്ച് അംഗീകാരം സംസ്ഥാനത്തെ 150 ആശുപത്രികൾക്ക് ലഭിച്ചിട്ടുണ്ട്. തകഴി ആശുപത്രിയ്ക്കും ഈ അംഗീകാരം ലഭിക്കാനുള്ള പ്രവർത്തനം തുടങ്ങി . താളിയോല ഗ്രന്ഥങ്ങളിൽ ആയുർവേദവുമായി ബന്ധപ്പെട്ടുള്ള അറിവുകളെ ഡിജിറ്റലായി സൂക്ഷിക്കുന്നതിനും, ലോകത്തിലെ ഏത് മേഖലയിലെയും വിദ്യാർഥികൾക്കോ ,ഗവേഷകർക്കോ താളിയോലകൾ പഠനവിഷയമാക്കുന്നതിനുള്ള അവസരവും ഒരുക്കും. ഗവേഷണം ചെയ്യുന്നതിന് അവസരമൊരുക്കുന്ന സ്ഥാപനത്തിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

ആയുർവേദ മേഖലയിൽ 116ഓളം തസ്തികകൾ സൃഷ്ടിക്കാൻ കഴിഞ്ഞു.ഹോമിയോ മേഖലയിൽ 40 മെഡിക്കൽ ഓഫീസർമാരുടെ തസ്തികയും സൃഷ്ടിച്ചു.കൂടാതെ തകഴിയിൽ മൂന്നര കോടി രൂപ മുടക്കി നിർമ്മിക്കുന്ന അലോപ്പതി ആശുപത്രിയുടെ നിർമാണം വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്. ചെട്ടികാടിൽ 140 കോടിയിലധികം മുടക്കി എല്ലാ സൗകര്യങ്ങളോടുകൂടി നിർമ്മിക്കുന്ന പുതിയ താലൂക്ക് ആശുപത്രിയുടെ നിർമാണം അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ തോമസ് കെ. തോമസ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. തകഴിയിൽ ഹോമിയോ ആശുപത്രി നിർമിക്കുന്നതിനുള്ള തുക എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എം.പി, ജില്ല പഞ്ചായത്ത് അംഗം പി. അഞ്ജു, തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അജയകുമാർ, തകഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക ഷിബു, ബ്ലോക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മദൻലാൽ, തകഴി ഗ്രാമ പഞ്ചായത്ത് അധ്യക്ഷരായ കെ.ശശാങ്കൻ, ജയ ചന്ദ്രൻ കലാങ്കേരി, സിന്ധു ജയപ്പൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, തകഴി ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി. സുരേഷ്, നാഷണൽ ആയുഷ് മിഷൻ ജില്ല പ്രോഗ്രാം മാനേജർ ഡോ. ശ്രീജിനൻ മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.