ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകള്‍ക്ക് പുറമെ ഇത്തരത്തില്‍ ഒരു ആരോഗ്യ സംരക്ഷണ കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നത് രാജ്യത്ത് ആദ്യമായാണ്. ദുര്‍ബല ഗോത്രവര്‍ഗ്ഗക്കാരുടെ ആരോഗ്യപരിപാലനമാണ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്. ചീയമ്പം 73 കോളനിയോട് ചേര്‍ന്ന് നിര്‍മ്മിച്ച മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രഥമ ശുശ്രൂഷയുള്‍പ്പെടെ എല്ലാ ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് ഡി.എം.ഒ ഡോ.പി.ദിനീഷ് പറഞ്ഞു.

ഗര്‍ഭിണികള്‍ക്കുള്ള പ്രത്യേക ചികിത്സാ സൗകര്യം ഉണ്ടായിരിക്കും. കുത്തിവെയ്പ്പ്, മെഡിക്കല്‍ ക്യാമ്പ് എന്നിവക്ക് മാസത്തില്‍ രണ്ടു തവണ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും. എല്ലാ ദിവസവും ഊര് മിത്രങ്ങളുടെ സേവനം ഉണ്ടായിരിക്കും. ഊരുമിത്രങ്ങള്‍ മുഖേന കോളനികളില്‍ ക്യാമ്പുകളും ബോധവത്കരണവും നടത്തും. ഗോത്ര വിഭാഗത്തിലെ ആയിരത്തിലധികം പേരാണ് ചീയമ്പം 73 കോളനിയില്‍ താമസിക്കുന്നത്. ഇതില്‍ മുന്നൂറിലധികം കാട്ടുനായ്ക്ക വിഭാഗക്കാരും ഉള്‍പ്പെടുന്നു.