പാവപ്പെട്ട കുടിയേറ്റക്കാരെ സംരക്ഷിക്കും; കയ്യേറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി : മന്ത്രി കെ.രാജൻ

കുടിയേറ്റത്തെയും കൈയേറ്റത്തെയും ഒരുപോലെയല്ല സർക്കാർ കാണുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. കിടപ്പാടം ഇല്ലാതെ കൂടിയേറി പാർക്കുന്ന പാവപ്പെട്ടവനെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്. എന്നാൽ കയ്യേറ്റക്കാരെ നിയമപരമായി തന്നെ നേരിടുമെന്നും ആവശ്യമെങ്കിൽ അവരുടെ ഭൂമി പിടിച്ചെടുത്ത് പാവപ്പെട്ടവർക്ക് വിതരണം ചെയ്യുന്നതിന് സർക്കാരിന് ഒരു മടിയും ഉണ്ടാകില്ല എന്നും മന്ത്രി പറഞ്ഞു. വില്ലേജ് ഓഫീസുകളുടെ മുഖച്ഛായ മാറ്റുവാൻ വിഭാവനം ചെയ്ത സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ജില്ലയിലെ മൂന്നു വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഭൂരഹിതർ ഇല്ലാത്ത കേരളമാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. പട്ടയമിഷൻ വഴി കേരളത്തിൽ ദീർഘകാലമായി നിലനിൽക്കുന്ന സങ്കീർണമായ ഭൂപ്രശ്നങ്ങളെല്ലാം പരിഹരിച്ച് എല്ലാവർക്കും ഭൂമി ഉറപ്പാക്കാൻ സാധിക്കും. എല്ലാവർക്കും ഭൂമി നൽകുന്നതോടൊപ്പം ഭൂമിയുടെ രേഖയും വളരെ പ്രധാനമാണ് അതിനായി 848 കോടി രൂപ വിനിയോഗിച്ചു നടപ്പാക്കുന്ന ഡിജിറ്റൽ റീ-സർവ്വേ അതിവേഗം പുരോഗമിക്കുകയാണ്. പദ്ധതി തുടങ്ങി ഒരു വർഷക്കാലം കൊണ്ട് തന്നെ 217000 ത്തോളം ഹെക്ടർ ഭൂമി അളന്ന് തിട്ടപ്പെടുത്താനായി എന്നത് അഭിമാനം നേട്ടമാണ്. നാലുവർഷക്കാലം കൊണ്ട് കേരളത്തിലെ അളവുകൾ ഡിജിറ്റൽ വൽക്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു.

ഭൂമിയുടെ ക്രയവിക്രയങ്ങളിൽ നടക്കുന്ന തട്ടിപ്പുകൾ തടയുവാനായി വിവിധ വകുപ്പുകളുടെ സേവനങ്ങൾ സംയോജിപ്പിച്ചുകൊണ്ടുള്ള എന്റെ ഭൂമി എന്ന ഇന്റഗ്രേറ്റഡ് പോർട്ടൽ സംവിധാനത്തിലേക്ക് നമ്മുടെ നാട് കടക്കുകയാണ്. ആ ഘട്ടത്തിലാണ് ഈ നടപടികളുടെ എല്ലാം അടിസ്ഥാന കേന്ദ്രമായ വില്ലേജ് ഓഫീസുകൾ പൂർണ്ണമായും സ്മാർട്ട് ആക്കി സേവനങ്ങൾ എല്ലാം വേഗത്തിലും എളുപ്പത്തിലും ആക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റവന്യൂ വകുപ്പിന്റെ പൂമുഖ പടിവാതിലാണ് വില്ലേജ് ഓഫീസ്. അതുകൊണ്ടുതന്നെ അഴിമതിക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളിലും എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച്ച ചേരുന്ന വില്ലേജ് തല ജനകീയ സമിതികൾ എന്ന ആശയം അഴിമതിക്കെതിരെ പോരാടാൻ സഹായിക്കുന്ന കേന്ദ്രമായി മാറിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

അരൂക്കുറ്റി വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനച്ചടങ്ങിൽ ദലീമ ജോജോ എം.എൽ.എ അധ്യക്ഷത വഹിച്ചു. ലാൻഡ് റവന്യൂ കമ്മീഷണർ ഡോ. എ. കൗശിഗൻ ഓൺലൈനായി ആശംസകൾ അർപ്പിച്ചു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ രജിത, അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളെഴത്ത്, എ.ഡി.എം വിനോദ് രാജ്, ജില്ലാ പഞ്ചായത്ത് അംഗം ബിനിത പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അനിമോൾ അശോകൻ, ഗ്രാമപഞ്ചായത്ത് അംഗം വിദ്യാരാജ്, ചേർത്തല തഹസിൽദാർ കെ.ആർ മനോജ്,വില്ലേജ് ഓഫീസർ റ്റി.എം ഗീത, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 770 സ്‌ക്വയർ ഫീറ്റിൽ 25 ലക്ഷം രൂപ ചെലവിൽ നിർമ്മാണം പൂർത്തീകരിച്ച അരൂക്കുറ്റി സ്മാർട്ട് വില്ലേജ് ഓഫീസിൽ റാമ്പോടുകൂടിയ ഫ്രണ്ട് വരാന്ത, വിസിറ്റേഴ്‌സ് റൂം, ഇൻക്വയറി കൗണ്ടർ, ഓഫീസ് ഹാൾ, വില്ലേജ് ഓഫീസർക്ക് പ്രത്യേകമായ ക്യാമ്പിൻ, റിക്കാർഡ് റൂം, ഡൈനിംഗ് റൂം, വികലാംഗ സൗഹൃദ ടോയ്‌ലറ്റ് എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

സ്മാർട്ടായി കാവാലം വില്ലേജ് ഓഫിസ്

കാവാലം വില്ലേജ് ഓഫീസ് ഉദ്ഘാടനച്ചടങ്ങിൽ തോമസ് കെ തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി. ജെ ജോഷി, ടി. കെ തങ്കച്ചൻ, കാവാലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് റിനി ചന്ദ്രൻ, നീലമ്പലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സന്ധ്യാമണി ജയകുമാർ, കുട്ടനാട് തഹസിൽദാർ എസ് അൻവർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

683.94 സ്‌ക്വയർ ഫീറ്റിൽ നിർമ്മിച്ച ഒറ്റനില കെട്ടിടത്തിൽ വിസിറ്റേഴ്‌സ് റൂം, അനേഷണ കൗണ്ടർ, ഓഫീസ് ഹാൾ, ഓഫീസ് ഹാൾ, റിക്കാർഡ് റൂം, ഡൈനിംഗ് റൂം, ടോയ്‌ലറ്റ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ബിൽഡിംഗ്, കോമ്പൗണ്ട് വാൾ, ഗേറ്റ്, ഫർണിച്ചർ ഉൾപ്പെടെ ആകെ 47 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. മുൻപുണ്ടായിരുന്ന കെട്ടിടത്തേക്കാൾ ഒന്നര മീറ്റർ ഉയരത്തിൽ റാഫ്റ്റ് സ്ലാബിലാണ് ഫൗണ്ടേഷൻ.

കണ്ടല്ലൂർ വില്ലേജ് ഓഫീസും ഇനി സ്മാർട്ട്

കണ്ടല്ലൂർ സ്മാർട്ട് വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ യു. പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചർ, കണ്ടല്ലുർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ പ്രസന്നകുമാരി, ജില്ല പഞ്ചായത്ത് അംഗങ്ങളായ ബിപിൻ സി ബാബു, കെ.ജി സന്തോഷ്, കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് രാമനാമഠം, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിൽ കൊപ്പാറേത്ത്, ഗ്രാമപഞ്ചായത്തംഗം എം.അഭിലാഷ്, കെ.ആർ രാജേഷ്,ഡെപ്യൂട്ടി കളക്ടർ നിസ്സാം, ആർ.ഡി.ഒ ഇൻചാർജ് ജെസിക്കുട്ടി മാത്യു , കാർത്തികപ്പള്ളി തഹസിൽദാർ പി.എ സജീവ് കുമാർ, കണ്ടല്ലൂർ വില്ലേജ് ഓഫീസർ ആൻസി വിജി, കോലത്ത് ബാബു, എ. അജിത്ത്, വി.ചന്ദ്രസേനൻ തുടങ്ങിയവർ പങ്കെടുത്തു.