*മുഖാമുഖം സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മ്മിക്കുമെന്ന് സാസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍. തൃശ്ശൂരില്‍ നടന്ന നവകേരള സദസിന് തുടർച്ചയായി ഫെബ്രു. 25 ന് സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയുടെ സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കൊല്ലത്ത് ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തിലുള്ള സാംസ്‌കാരിക സമുച്ചയം ഉദ്ഘാടനം ചെയ്തു. വരും മാസങ്ങളില്‍ കാസര്‍കോഡും പാലക്കാടും ഉദ്ഘാടനം ചെയ്യും. നാലു ജില്ലകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനുള്ള അംഗീകാരം നല്‍കിക്കഴിഞ്ഞു. ഘട്ടം ഘട്ടമായി എല്ലാ ജില്ലകളിലും 50 കോടിയിലധികം ചിലവഴിച്ച് സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു. കലാകാരന്‍മാരെ സംരക്ഷിക്കാനുള്ള സംരക്ഷണ കേന്ദ്രവും നിര്‍മ്മാണ ഘട്ടത്തിലാണ്. നാടകത്തിന് സ്ഥിരം തിയേറ്റര്‍ സംവിധാനം ആരംഭിക്കും. തിരുവന്തപുരത്തെ ചിത്രാജ്ഞലി സ്റ്റുഡിയോ ആധുനിക വത്ക്കരിക്കുന്നു. കൊച്ചിയിലും ചിത്രാജ്ഞലിയുടെ മാതൃകയില്‍ സ്റ്റുഡിയോ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നവകേരള സദസ്സിന്റെ തുടര്‍ച്ചയായി ജനകീയ സംവാദങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തൃശ്ശൂരില്‍ നടത്തുന്ന മുഖാമുഖത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 25 ന് സാംസ്‌കാരിക മേഖലയിലുള്ളവരുമായി സംവദിക്കും. തൃശ്ശൂര്‍ എലൈറ്റ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടത്തിയ മുഖാമുഖം സംഘാടക സമിതി രൂപീകരണ യോഗത്തില്‍ മന്ത്രിമാരായ കെ. രാജന്‍, കെ. രാധാകൃഷ്ണന്‍, ഡോ. ആര്‍. ബിന്ദു എന്നിവര്‍ രക്ഷാധികാരികളായും മന്ത്രി സജി ചെറിയാന്‍ ചെയര്‍മാനുമായ സംഘാടക സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. എം.പിമാര്‍, എംഎല്‍എമാര്‍, ജില്ലാകളക്ടര്‍, മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ 251 അംഗങ്ങളുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിയും 1001 അംഗങ്ങള്‍ അടങ്ങിയ ജനറല്‍ കമ്മിറ്റിയും രൂപീകരിച്ചു.
മുഖാമുഖത്തില്‍ കലാ-സാംസ്‌കാരിക രംഗത്തെ പ്രശ്‌നങ്ങളും അനുബന്ധ വിഷയങ്ങളും ചര്‍ച്ചചെയ്യും. തൃശ്ശൂരില്‍ നടക്കുന്ന മുഖ്യമന്ത്രിയുടെ മുഖാമുഖത്തില്‍ രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. കലാരംഗത്ത് പ്രാവീണ്യമുള്ളവരെ പ്രത്യേകം അതിഥികളായി ക്ഷണിച്ച് അവരുടെ അഭിപ്രായം കേള്‍ക്കും. ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 3 വരെ വിവിധ ജില്ലകളില്‍ നടക്കുന്ന മുഖാമുഖം പരിപാടിയില്‍ വിവിധ മേഖലകളിലെ പ്രതിനിധികള്‍ പങ്കെടുക്കും.
മുഖാമുഖം സംഘാടക സമിതി രൂപീകരണ യോഗത്തില്‍ എംഎല്‍എമാരായ പി. ബാലചന്ദ്രന്‍, കെ.കെ രാമചന്ദ്രന്‍, സാംസ്‌കരിക വകുപ്പ് ഡയറക്ടര്‍ എന്‍. മായ, സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി തുടങ്ങിയവര്‍ സംസാരിച്ചു. മുന്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍, ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണതേജ, അസി. കളക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി, വിവിധ അക്കാദമികളുടെ ചെയര്‍മാന്‍മാര്‍, ജനപ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു