കുട്ടികള്‍ക്കിണങ്ങിയ ഇന്ത്യ എന്ന മുദ്രാവാക്യമുയര്‍ത്തി കുട്ടികളുടെ പാര്‍ലമെന്റ് സംഘടിപ്പിച്ചു. രാഷ്ട്രപതിയായി മാജിതയും ഉപരാഷ്ട്രപതിയായി നസ്രിനും പ്രധാനമന്ത്രിയായി ഭഗതും സ്പീക്കറായി ഋതുജയും പ്രതിപക്ഷ നേതാവായി ചിന്തയുമെത്തി. പത്ത് മന്ത്രിമാരും പത്ത് കക്ഷി നേതാക്കളും 200 എം.പിമാരും ഉള്‍പ്പെടെ 500 കുട്ടികള്‍ പരിപാടിയുടെ ഭാഗമായി.

കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്തു. പാലക്കാട് കോട്ടമൈതാനത്ത് നടന്ന പരിപാടി ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര ഉദ്ഘാടനം ചെയ്തു. ലിജി സുരേഷ് അധ്യക്ഷയായി. ശിശുക്ഷേമ സമിതി ജില്ലാ ട്രഷറര്‍ പി. കൃഷ്ണന്‍കുട്ടി, ജില്ലാ വൈസ് പ്രസിഡന്റ് ആര്‍. ശിവന്‍, യുവജന കമ്മീഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ അഡ്വ. എം. രണ്‍ദീഷ്, ശിശുക്ഷേമ സമിതി മുന്‍ ജില്ലാ സെക്രട്ടറി പി.കെ വിജയകുമാര്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍വാഹക സമിതി അംഗം ടി.കെ നാരായണദാസ്, ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ കെ. സുലോചന, രമണി, സുരേഷ് കുമാര്‍, ജോയിന്‍ സെക്രട്ടറി കെ.എം വാസുദേവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.