2023-24 സംരംഭക വര്‍ഷം 2.0 ന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പും കോട്ടായി ഗ്രാമപഞ്ചായത്തും സംയുക്തമായി എന്റര്‍പ്രണര്‍ഷിപ്പ് ഫെസിലിറ്റേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. വ്യവസായ വാണിജ്യ വകുപ്പ് കോട്ടായി ഗ്രാമപഞ്ചായത്ത് സംരംഭകത്വ വികസന എക്‌സിക്യൂട്ടീവ് എ. അശുവിന്‍ വ്യവസായ വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍, സേവനങ്ങള്‍, അവസരങ്ങള്‍, വ്യവസായ നയങ്ങള്‍ എന്നിവ വിശദീകരിച്ചു.

ലോണ്‍, ലൈസന്‍സ്, സബ്സിഡി, എം.എസ്.എം.ഇ ഇന്‍ഷുറന്‍സ്, ഒരു കുടുംബം ഒരു സംരംഭം പദ്ധതി, സീറോ ഡിഫെക്റ്റ് സീറോ ഇഫക്റ്റ്(സെഡ്) സര്‍ട്ടിഫിക്കേഷന്‍, ഒ.എന്‍.ഡി.സി പ്ലാറ്റ്ഫോം, പ്രധാനമന്ത്രിയുടെ തൊഴില്‍ ദായക പദ്ധതി (പി.എം.ഇ.ജി.പി), ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സംരംഭങ്ങള്‍ക്ക് പദ്ധതി തുകയുടെ 35 ശതമാനം വരെ സബ്‌സിഡി (പരമാവധി 10 ലക്ഷം രൂപ) നല്‍കുന്ന പി.എം.എഫ്.എം.ഇ പദ്ധതി, എന്റര്‍പ്രണര്‍ സപ്പോര്‍ട്ട് സ്‌കീം, കരകൗശല വിദഗ്ധര്‍ക്കുള്ള ആശ പദ്ധതി, മാര്‍ജിന്‍ മണി ഗ്രാന്റ്, മാര്‍ക്കറ്റിങ് തുടങ്ങിയവ പരിചയപ്പെടുത്തി.ഉദ്യം രജിസ്ട്രേഷന്‍, കെ-സ്വിഫ്റ്റ് ലൈസന്‍സ് എന്നിവ നല്‍കി. സംരംഭകരുടെ സംശയങ്ങള്‍ക്ക് കുഴല്‍മന്ദം ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ പി. ദീപ മറുപടി നല്‍കി. കോട്ടായി ചെമ്പൈ മെമ്മോറിയല്‍ ഹാളില്‍ നടന്ന പരിപാടി കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സതീഷ് ഉദ്ഘാടനം ചെയ്തു. കോട്ടായി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മഹേഷ് കുമാര്‍ അധ്യക്ഷനായി. കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തംഗം കുഞ്ഞിലക്ഷ്മി, ഉദ്യോഗസ്ഥര്‍, സംരംഭകര്‍ ഉള്‍പ്പടെ 62 പേര്‍ പങ്കെടുത്തു.