നവംബര്‍ 10 മുതല്‍ 12 വരെ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ക്ഷേത്രപ്രവേശനവിളംബരം 82ാം വാര്‍ഷികാഘോഷം പരിപാടികള്‍ പാലക്കാട് ജില്ലയില്‍ സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി പട്ടികജാതി-വര്‍ഗ- പിന്നാക്കക്ഷേമ- നിയമ-സാംസ്‌കാരിക-പാര്‍ലിമെന്ററികാര്യ വകുപ്പ് മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറുടെ ചേബറില്‍ കൂടിയ പ്രാരംഭ യോഗം ജില്ലാതല സംഘാടക സമിതിക്ക് രൂപം നല്‍കി. മന്ത്രി എ.കെ ബാലന്‍ മുഖ്യ രക്ഷാധികാരിയായും ജില്ലയിലെ എം.പിമാര്‍, എം.എല്‍.എ.മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്മാര്‍ എന്നിവര്‍ രക്ഷാധികാരികളായും ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ചെയര്‍മാനും ജില്ലാ പബ്ലിക്ക് ലൈബ്രറി സെക്രട്ടറിയും ഒ.വി വിജയന്‍ സ്മാരക സമിതി ചെയര്‍മാന്‍ കൂടിയായ ടി.ആര്‍ അജയന്‍ ജനറല്‍ കണ്‍വീനറായും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചുമതലയിലുള്ള പ്രിയ കെ ഉണ്ണികൃഷ്ണന്‍ കണ്‍വീനറായും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജില്ലാ മേധാവികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാംസ്‌ക്കാരിക നായകര്‍, സാംസ്‌കാരിക സംഘടന/സ്ഥാപന പ്രതിനിധികള്‍, ബഹുജന സംഘടനാ പ്രതിനിധികള്‍ അംഗങ്ങളായുമാണ് സംഘാടക സമിതിക്ക് രൂപം നല്‍കിയിട്ടുള്ളത്.

ക്ഷേത്ര പ്രവേശനവിളംബരത്തിന്റെ എണ്‍പത്തിരണ്ടാം വാര്‍ഷികം ജില്ലയില്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ ചേമ്പറില്‍ മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണയോഗം

ത്രിദിന ആഘോഷപരിപാടികളുടെ ഭാഗമായി പൊതുസമ്മേളനം, സാംസ്‌കാരിക ഘോഷയാത്ര, സെമിനാറുകള്‍, ചരിത്രപ്രദര്‍ശനം, വിവിധ സാംസ്‌കാരിക സംഘടനകളും സ്ഥാപനങ്ങളും വിദ്യാര്‍ഥികളും അവതരിപ്പിക്കുന്ന കലാ പരിപാടികളും ഡോക്യുമെന്ററി പ്രദര്‍ശനവും സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ആഘോഷപരിപാടികള്‍ വന്‍ വിജയമാക്കി തീര്‍ക്കാന്‍ നവംബര്‍ മൂന്നിന് ഉച്ചയ്ക്ക് 3.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിപുലമായ സംഘാടകസമിതി യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എ.മാര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ജില്ലാ മേധാവികള്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, രാഷ്ട്രീയകക്ഷികളുടെ ജില്ലാനേതാക്കള്‍, ജില്ലയിലെ സാംസ്‌കാരിക, സന്നദ്ധ, വിദ്യാര്‍ഥി, യുവജന, സര്‍വീസ്, തൊഴിലാളി സംഘടനകളുടെ ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ സംഘാടക സമിതി യോഗത്തില്‍ പങ്കെടുക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. സാംസ്‌കാരിക വകുപ്പ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പ്, പുരാരേഖ -പുരാവസ്തു വകുപ്പ്, ഗ്രന്ഥശാല പ്രസ്ഥാനം ചേര്‍ന്നാണ് വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നത്.
യോഗത്തില്‍ എം.എല്‍.എമാരായ കെ.കൃഷ്ണന്‍ക്കുട്ടി, കെ. ബാബു, ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, മന്ത്രി എ.കെ ബാലന്റെ പ്രൈവറ്റ് സെക്രട്ടറി സി.പി.പ്രമോദ്, വിവിധ ജില്ലാതല വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.