സംസ്ഥാനത്തെ ലാന്‍ഡ് ട്രിബ്യൂനലുകളില്‍ കെട്ടികിടക്കുന്ന 2,20,000ത്തോളം പട്ടയ അപേക്ഷകളില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് റവന്യൂ-ഭവനനിര്‍മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലയില്‍ മാത്രം 30,000 അപേക്ഷകളാണുള്ളത്. ഈ വര്‍ഷം അവസാനത്തോടെ പരമാവധി ആളുകള്‍ക്ക് പട്ടയം നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചിറ്റൂര്‍ താലൂക്കിലെ തെക്കെദേശം സമാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുയായിരുന്നു മന്ത്രി. ജനങ്ങളുമായി ഏറ്റവും അടുത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് വില്ലേജ് ഓഫീസുകള്‍. വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് സമാര്‍ട്ട് വില്ലേജ് ഓഫീസെന്ന പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇതിനു മുന്നോടിയായി സംസ്ഥാനത്തെ 1664 വില്ലേജ് ഓഫീസര്‍മാരുമായി നടത്തിയ യോഗത്തില്‍ ഓഫീസുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യം വിലയിരുത്തിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു ആശയത്തിന് തുടക്കംകുറിച്ചത്.

ചിറ്റൂര്‍ താലൂക്കിലെ തെക്കെദേശം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം റവന്യൂ-ഭവനനിര്‍മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിക്കുന്നു.

റവന്യൂ ഫണ്ടില്‍ നിന്നും 39 ലക്ഷം ഉപയോഗിച്ചാണ് തെക്കെദേശം സമാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിര്‍മിച്ചത്. ജില്ലാ നിര്‍മിതി കേന്ദ്രത്തിനായിരുന്നു നിര്‍മാണ ചുമതല. വില്ലേജ് ഓഫീസറുടെ റൂം, ഹാള്‍, റെക്കോഡ് റൂം, ഡൈനിങ് റൂം, ടോയ്ലറ്റുകള്‍ എന്നിവ ഉള്‍പ്പെടുത്തി 1220 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് കെട്ടിടം നിര്‍മിച്ചത്. ഗുണഭോക്താകള്‍ക്ക് ഇരിപ്പിടങ്ങള്‍, വിശാലമായ ഹാള്‍, കമ്പ്യൂട്ടര്‍ കൗണ്ടര്‍, ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കുമായി റാംപ് തുടങ്ങിയ സൗകര്യങ്ങളും ഉള്‍പ്പെടുന്നു. കെട്ടിടത്തിന്റെ ചുറ്റും ഇന്‍ര്‍ലോക്ക് ടൈലും ചെറിയ പൂന്തോട്ടവും ചുറ്റുമതിലും സജ്ജീകരിച്ചിട്ടുണ്ട. ആധുനിക രീതിയിലുള്ള ഇലക്ട്രിക്ക് സ്റ്റേഷന്‍, നെറ്റ് കണക്ഷന്‍, യു.പി.എസ് കണക്ഷന്‍ എന്നീ സൗകര്യങ്ങളോടു കൂടിയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഒരുക്കിയിട്ടുള്ളത്. തെക്കെദേശം വില്ലേജ് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച ഉദ്ഘാടന പരിപാടിയില്‍ കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, പാലക്കാട് സബ് കലക്ടര്‍ ആസിഫ് കെ.യൂസഫ്, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ധന്യ, നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാര്‍ങധരന്‍, ജില്ലാ പഞ്ചായത്ത് അംഗം ചിന്നസ്വാമി, നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് അംഗം ഇന്ദിര, തെക്കേദേശം വില്ലേജ് ഓഫീസര്‍ എസ്. ഇന്ദിരാ കുമാരി, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.