# സ്‌കൂള്‍ തലത്തില്‍ യോഗം ചേരും
പ്രളയത്തിനു ശേഷം ജില്ലയിലെ സ്‌കൂളുകളില്‍ നിന്നു വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ജില്ലാഭണകൂടം പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി. നവംബര്‍ പന്ത്രണ്ടിനകം കൊഴിഞ്ഞുപോയവരെ സ്‌കൂളില്‍ തിരിച്ചെത്തിക്കുകയും 14ന് ഡ്രോപ്ഔട്ട് ഫ്രീ വിദ്യാലയമായി ജില്ലയെ പ്രഖ്യാപിക്കുകയുമാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമയുടെ അദ്ധ്യക്ഷതയില്‍ ആസൂത്രണഭവന്‍ എ.പി.ജെ. ഹാളില്‍ വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നു.
വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി നവംബര്‍ മൂന്ന്, അഞ്ച് തീയ്യതികളില്‍ ജില്ലയിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും പ്രധാനാദ്ധ്യാപകരുടെയും ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍മാരുടെയും നേതൃത്വത്തില്‍ പഠനസമയം അപഹരിക്കാതെ ഉച്ചകഴിഞ്ഞ് 3.30ന് യോഗം ചേരും. വൈത്തിരി, മാനന്തവാടി വിദ്യാഭ്യാസ ഉപജില്ലകളില്‍ മൂന്നിനും സുല്‍ത്താന്‍ ബത്തേരിയില്‍ അഞ്ചിനുമാണ് യോഗം. പി.ടി.എ, എം.പി.ടി.എ, എസ്.എം.സി, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, കുടുംബശ്രീ പ്രതിനിധികള്‍, ആശാവര്‍ക്കര്‍മാര്‍, സ്റ്റുഡന്റ് കൗണ്‍സിലര്‍മാര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, ജനമൈത്രി പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍, ആരോഗ്യവിഭാഗം, സ്റ്റുഡന്റ് പൊലീസ് പ്രതിനിധികള്‍ എന്നിവരെ പങ്കെടുപ്പിച്ച് കൊണ്ടായിരിക്കും യോഗം.
പദ്ധതി നടത്തിപ്പിനായി സ്‌കൂള്‍ കമ്മ്യൂണിറ്റി റിസോഴ്‌സ് ഗ്രൂപ്പും രൂപീകരിക്കും. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ എത്ര കുട്ടികള്‍ കൊഴിഞ്ഞുപോയി, എത്രപേര്‍ സ്ഥിരമായി വരാതിരിക്കുന്നു എന്നിങ്ങനെയുള്ള കണക്ക് പ്രധാനാദ്ധ്യാപകന്‍ യോഗത്തെ അറിയിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ തിരിച്ചെത്തിക്കാന്‍ ജനകീയ കര്‍മപദ്ധതി രൂപീകരിക്കും. ഓരോ വിദ്യാലയങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള കര്‍മ പദ്ധതികളാണ് തയ്യാറാക്കുക. തിരിച്ചെത്തുന്ന ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്ക് ഇന്‍ഡക്ഷന്‍ ട്രെയിനിംഗ് നല്‍കിയായിരിക്കും ക്ലാസികളില്‍ പ്രവേശിപ്പിക്കുക. കൊഴിഞ്ഞുപോയ കുട്ടികളില്‍ സംസ്ഥാനം വിട്ടുപോയവര്‍, ജില്ലയില്‍ നിന്നു പോയവര്‍, വിവാഹിതരായവര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് വിശദാംശങ്ങള്‍ ശേഖരിക്കാനാണ് തീരുമാനം.
ഭാഷാപരമായ പ്രശ്‌നങ്ങളുള്ള വിദ്യാര്‍ത്ഥികളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ അഭിയാനും നടപ്പാക്കുന്ന ഭാഷാപരിപോഷണ പദ്ധതി 12ന് എല്ലാ സ്‌കൂളുകളിലും ആരംഭിക്കും. മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ‘മലയാളത്തിളക്കം’ പദ്ധതി ലക്ഷ്യംകണ്ടതിനെ തുടര്‍ന്ന് ഇതു ജില്ലയില്‍ വ്യാപിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നവംബര്‍ 30നു ശേഷം മലയാളം എഴുതാനും വായിക്കാനും അറിയാത്ത കുട്ടികള്‍ വയനാട്ടില്‍ ഇല്ലെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
യോഗത്തില്‍ ജനപ്രതിനിധികള്‍, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി പ്രധാനാദ്ധ്യാപകര്‍, പി.ടി.എ. ഭാരവാഹികള്‍, പൊതുവിദ്യാഭ്യാസ വകുപ്പ്, എസ്.എസ്.എ, ട്രൈബല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.