ആലപ്പുഴ: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാർഷികം നവംബർ 10 മുതൽ 12 വരെ വിവിധങ്ങളായ പരിപാടികളോടെ ജില്ലയിൽ ആഘോഷിക്കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ചരിത്ര പ്രദർശനം, ഡോക്യുമെന്ററി പ്രദർശനം, പ്രഭാഷണം, സാംസ്‌കാരിക പരിപാടികൾ എന്നിവ ഇതോടൊപ്പം സംഘടിപ്പിക്കുന്നു. ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ്, സാംസ്‌കാരികം, പുരാരേഖ പുരാവസ്തു വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിപാടികൾ. ഇതുമായി ബന്ധപ്പെട്ട് ജില്ലാതല സ്വാഗതസംഘം രുപീകരണയോഗം കളക്ടറേറ്റിൽ ധനമന്ത്രി ഡോ.തോമസ് ഐസകിന്റെ അധ്യക്ഷതയിൽ ഇന്ന് (ഒക്‌ടോബർ 30) ചേരും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സാംസ്‌കാരിക നായകർ, വിദ്യാർഥി സംഘടന പ്രതിനിധികൾ, തൊഴിലാളി പ്രവർത്തകർ, സർവീസ് സംഘടന പ്രതിനിധികൾ, ഗ്രന്ഥശാല പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തിയുള്ള വിപുലമായ സ്വാഗതസംഘം രൂപീകരണ യോഗത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് അറിയിച്ചു.