മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ‘ലഹരിമുക്ത തീരം’ ക്യാമ്പയിന് പൊന്നാനിയിൽ തുടക്കമായി. പൊന്നാനി എം.ഇ.എസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിൽ കോസ്റ്റൽ എസ്.ഐ അയ്യപ്പൻ, എക്സൈസ് പ്രിവൻ്റീവ് ഓഫീസറും വിമുക്തി കോർഡിനേറ്ററുമായ പി.പി. പ്രമോദ് എന്നിവർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സെടുത്തു.
മജീഷ്യനും മെന്റലിസ്റ്റുമായ താഹിര്‍ നയിക്കുന്ന പ്രചാരണ പരിപാടിയും ക്യാമ്പയിൻ്റെ ഭാഗമായി നടന്നു. ഫിഷറീസ്, എക്‌സൈസ്, പൊതു വിദ്യാഭ്യാസം, വനിതാ-ശിശുക്ഷേമ വകുപ്പുകളുടെ സഹകരണത്തോടെയാണ് തീരദേശ മേഖലയിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസുകള്‍, മേഖലയിലെ അമ്മമാര്‍ക്കും കുട്ടികള്‍ക്കും സെമിനാറുകള്‍, കുട്ടികള്‍ക്കായി മത്സരങ്ങള്‍, മറ്റ് കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നത്. മത്സ്യബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ ഉൾപ്പെടെ പരിപാടിയിൽ പങ്കെടുത്തു.